തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളിയെ മോഷണ കേസില്‍ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. പരശുവയ്ക്കല്‍ ഇടിച്ചക്കപ്ലാമൂട് സ്വദേശി മുഹമ്മദ് ഷാഫിയെ(38) ആണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച മെത്ത വില്‍ക്കാനെന്ന വ്യാജേന കടയ്ക്കുളം നെല്ലിവിലവീട്ടില്‍ തങ്കമ്മ (68)യുടെ വീട്ടിലെത്തി രണ്ടു പവന്റെ മാല ഊരി കൊണ്ടുപോയ കേസിലാണ് ഇന്നലെ അറസ്റ്റു ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കേസില്‍ ഇടിച്ചക്കപ്ലാമൂട് സ്വദേശി ഇര്‍ഷാദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇടവഴിയിലൂടെ എത്തിയ മോഷ്ടാവ് നിരവധി വീടുകളില്‍ കയറി മെത്ത ആവശ്യമുണ്ടോ എന്ന ചോദിച്ച ശേഷം വൃദ്ധയുടെ വീട്ടിലെത്തി രോഗാവസ്ഥയില്‍ കിടക്കുകയായിരുന്ന ഇവരുടെ മാല ഊരി എടുക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു മെത്ത കച്ചവട സംഘത്തെ കാണുകയും സി.സി.ടി.വി ദൃശ്യം ഇവരെ കാണിച്ച് ആളെ തിരിച്ചറിയുകയുമായിരുന്നു.
അഞ്ചു രൂപപിള്ള എന്നു മാത്രമാണ് അറിയാവുന്നതെന്നും സ്വന്തമായി വീട്ടില്ലെന്നുമാണ് പൊലീസിന് ഇവര്‍ നല്‍കിയ വിവരം. തുടര്‍ന്ന് ഇടിച്ചക്ക പ്ലാമൂട് – നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ മെത്തക്കടകളില്‍ ഇവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. സിം കാര്‍ഡുകള്‍ ഇടയ്ക്ക് മാറുന്നതിനാല്‍ ഇതുവഴി കണ്ടെത്താനും ബുദ്ധിമുട്ടുണ്ടായതായി പൊലീസ് പറഞ്ഞു.
ഒടുവില്‍ പ്രതിയുടെ സുഹൃത്തായ ഓട്ടോഡ്രൈവറെ ചോദ്യം ചെയ്താണ് പ്രതിയിലേക്ക് എത്തിയത്. തമിഴ്‌നാട്ടില്‍ 30ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ പിടികിട്ടാപുള്ളിയായിരുന്നു. മോഷണം, മെത്ത നല്‍കാമെന്ന് പറഞ്ഞ് ഓര്‍ഡര്‍ എടുത്ത് പണവുമായി മുങ്ങുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.