ഡൽഹി: സസ്‌പെന്‍ഷന് പിന്നാലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ തടഞ്ഞ് ബി ജെ പി. നിയമസഭാ വളപ്പിലേക്കുള്ള പ്രവേശനത്തിനാണ് ബി ജെ പിയുടെ അംഗങ്ങൾ വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന കവാടത്തില്‍ പ്രതിപക്ഷ നേതാവ് അതിഷിയടക്കമുള്ള എം എല്‍ എമാരെ പൊലീസ് തടഞ്ഞു.
സസ്‌പെന്‍ഡ് ചെയ്ത എം എല്‍ എമാരെ കടത്തിവിടേണ്ട എന്ന നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് നടപടി എന്ന് പൊലീസ് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നടപടി ഭരണഘടന, ജനാധിപത്യവിരുദ്ധമാണെന്നും ബി ജെ പിയുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് അതിഷി കുറ്റപ്പെടുത്തി. പ്രവേശനം തടഞ്ഞതിന് പിന്നാലെ ഗേറ്റിനു മുന്‍വശം കുത്തിയിരുപ്പ് സമരം ആരംഭിച്ചിരിക്കുകയാണ് എം എല്‍ എമാര്‍.
ആം ആദ്മി പാര്‍ട്ടിയുടെ 22 എം എല്‍ എമാരെയാണ് കഴിഞ്ഞ ദിവസം സ്പീക്കർ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടേതടക്കം ഓഫീസുകളിൽ നിന്ന് അംബേദ്കറുടെ ചിത്രം നീക്കം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.