2.1 ലക്ഷം പലസ്തീനികളെ പുറത്താക്കി അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി ഗാസയെ മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ട് അധികകാലമായില്ല. ഇന്നലെ ട്രംപ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട ഒരു എഐ ജനറേറ്റഡ് വീഡിയോയും പങ്കുവച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ലോകമെമ്പാടു നിന്നും വിമർശനങ്ങളും നേരിട്ടു. പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി.
അംബരചുംബികളായ കെട്ടിടങ്ങളും ട്രംപിന്‍റെ സ്വര്‍ണ്ണ പ്രതിമയും സുന്ദരികളായ നർത്തകിമാര്‍ നൃത്തം ചെയ്യുന്നതും ആകാശത്ത് ഡോളറുകൾ പറക്കുമ്പോൾ താഴെ കൂടി നടക്കുന്ന എലോണ്‍ മസ്കിനെയും വീഡിയോയില്‍ കാണാം. ഒരു ബീച്ചിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ഷർട്ട് ധരിക്കാത്ത ട്രംപ് കോക്ടെയിലുകൾ കുടിക്കുന്നതും വീഡിയോയിലുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ ജീവിച്ചിരുന്ന ഗാസയെ ‘റിവിയേര ശൈലി’യിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയ വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോകമെമ്പാടും നിന്നും ഉയര്‍ന്നത്.
Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍
അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഗാസയെക്കുറിച്ചുള്ള ആശയം അവിടെ താമസിക്കുന്ന പലസ്തീനികളുടെ സംസ്കാരങ്ങളോടും താൽപ്പര്യങ്ങളോടും യോജിക്കുന്നില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗവും വക്താവുമായ ബാസെം നയിം വീഡിയോയോട് പ്രതികരിക്കവെ പറഞ്ഞു. നിർഭാഗ്യവശാൽ, ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്കാരങ്ങളും താൽപ്പര്യങ്ങളും കണക്കിലെടുക്കാത്ത ആശയങ്ങൾ നിർദ്ദേശിക്കുകയാണെനന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ കുട്ടികൾ പുതിയൊരു ഭാവി കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് സ്വപ്നം കാണുകയാണ്. പക്ഷേ, ഒരു ജയിലിനുള്ളില്‍ അത് വിജയിക്കില്ല. ജയില്‍ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനല്ല, മറിച്ച് ജയിലിനെയും ജയിലറെയും ഒഴിവാക്കാനാണ് തങ്ങൾ പാടുപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഗാസയില്‍ നിന്നും പലസ്തീന്‍കാരെ ഒഴിവാക്കി അവിടെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു റിവിയേര നിര്‍മ്മിക്കും അതേസമയം പലസ്തീന്‍കാര്‍ക്ക് പിന്നീട് ഗാസയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇതാണ് ഗാസയില്‍ ട്രംപിന്‍റെ പദ്ധതി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയെ സൃഷ്ടിപരമെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ട്രംപ് സംസ്കാരത്തെയും ചരിത്രത്തെയും തള്ളിപ്പറയുകയാണെന്ന് ലോകമെങ്ങുനിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Read More: ഇസ്രയേല്‍ – ഹമാസ് വെടിനിര്‍ത്തൽ; മൃതദേഹ കൈമാറ്റം ശക്തി പ്രകടനമാക്കി ഹമാസ്, വേദനയായി ക്ഫിറും ഏരിയലും