ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി മാറ്റത്തിന്റെ പാതയിലാണെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചങ്ങനാശേരിയില്‍ പുതുതായി നിര്‍മിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
ഒട്ടേറെ മാറ്റങ്ങള്‍ക്കാണു തുടക്കം കുറിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ചിനു മുന്‍പും പിന്നീട് അങ്ങോട്ട് ഒന്നാം തീയതി തന്നെ ജീവനക്കാര്‍ക്കു ശമ്പളം കൊടുത്തു തുടങ്ങുമെന്നും. പെന്‍ഷനും കൃത്യമായി നല്‍കും. 

സാധാരണക്കാര്‍ക്കും എയര്‍ കണ്ടീഷന്‍ ബസില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കും. ഇതിനായി ഏതാനും സ്വിഫ്റ്റ് ബസുകള്‍ വലിയ ചാര്‍ജ് വര്‍ധന ഇല്ലാതെ എ.സി. ആക്കും. കേരളത്തിന്റെ  യാത്രാ സംസ്‌കാരം തന്നെ മാറാന്‍ ഇതു കാരണമാകുമെന്നു മന്ത്രി പറഞ്ഞു.

വൈകാതെ തന്നെ ചലോ ആപ്പ് സംവിധാനം കൊണ്ടുവരും. ടിക്കറ്റ് ബുക്കു ചെയ്യുന്നതിനു മാത്രമല്ല, ബസ് എവിടെയെത്തി, സീറ്റ് ഒഴിവുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പില്‍ നോക്കി മനസിലാക്കാന്‍ കഴിയും. 
സീറ്റ് ഉണ്ടെങ്കില്‍ ബസ് പുറപ്പെട്ടു കഴിഞ്ഞും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഈ ആപ്പ്. ഡെബിറ്റ് കാര്‍ഡ് വഴിയും യു.പി.ഐ. സംവിധാനം വഴിയും പണമടയ്ക്കാം. റീചാര്‍ജ് ചെയത് ഉപയോഗിക്കാവുന്ന കെ.എസ്.ആര്‍.ടി.സി. കാര്‍ഡുകളും വീണ്ടും കൊണ്ടുവരും. 
വ്യാപാര സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന ഇവ അവിടെനിന്നു വാങ്ങി ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. വ്യാപാരികള്‍ക്കും ഇത് ഗുണം ചെയ്യും. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം കാര്‍ഡുകള്‍ ഇറക്കാനാണു തീരുമാനിച്ചിട്ടുള്ളത്. 

പുതിയ ബസ് വാങ്ങുമ്പോള്‍ പഴയ ബസ് താഴേ തട്ടിലുള്ള സര്‍വീസുകളാക്കി മാറ്റുന്ന രീതിയും നിര്‍ത്തുകയാണ്. ഇനി ഓര്‍ഡിനറി ബസുകള്‍ മുതല്‍ എല്ലാം പുതിയതായി വാങ്ങും. 

കൃത്യസമയത്തു മുടങ്ങാതെ സര്‍വീസുകള്‍ നടത്താന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജോബ് മൈക്കിള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ രണ്ടാമത്തെ നിര്‍മാണ ഉദ്ഘാടനം ജനങ്ങളെ കബളിപ്പിക്കലും നികുതിപ്പണം ധൂര്‍ത്തടിയുമാണ് എന്നാരോപിച്ചു യൂത്ത്‌കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം ഭാരവാഹികള്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ കരിങ്കൊടി കാണിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ളായിക്കാട് ജങ്ഷനില്‍ മന്ത്രിയുടെ വാഹനത്തിന്റെ സമീപം വരെ കരങ്കൊടിയുമായി പാഞ്ഞെത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

തുടര്‍ന്നു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യോഗം നടക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പോലീസ് ഇവരെ തടയുകയും നീക്കം ചെയ്യുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed