ഏറ്റുമാനൂര്‍: മഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി. എട്ടാം ഉത്സവദിനമായ മാര്‍ച്ച് ആറിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും.
മാര്‍ച്ച് എട്ടിന് ആറാട്ട് നടക്കും. ഇന്നു രാവിലെ 10.45നും 11.05നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ കണ്ഠര്ബ്രഹ്‌മദത്തന്‍, മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റ് ചടങ്ങ് നടത്തി.
11ന് സാംസ്‌കാരികസമ്മേളനവും കലാപരിപാടികളും മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കും.
11.30ന് ടി.എസ്.രാധാകൃഷ്ണജിയുടെ ഭക്തിഗാനതരംഗിണി. വൈകിട്ട് ഏഴിനു വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്, ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ രാത്രി കഥകളി. ഒന്നിന് നളചരിതം ഒന്നാം ദിവസം, ബാലിവിജയം.
രണ്ടിനു കല്യാണസൗഗന്ധികം, നരകാസുരവധം. മൂന്നിന് കര്‍ണശപഥം, ദക്ഷയാഗം എന്നിങ്ങനെയാണു കഥകളി.
പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, ചോറ്റാനിക്കര വിജയന്‍ മാരാര്‍, ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം എന്നിവ വിവിധ ദിവസങ്ങളിലായുണ്ടാകും..
ആറിന് രാവിലെ നടന്‍ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി 9.30ന് ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ്, രാത്രി 12നാണ് ഏഴരപ്പൊന്നാനദര്‍ശനം.
ഏഴിന് പള്ളിവേട്ട ദിനത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ മേളപ്രപഞ്ചമൊരുക്കും. രാത്രി പത്തിന് പ്രശസ്ത പിന്നണിഗായിക കെ.എസ്.ചിത്ര നയിക്കുന്ന ഭക്തിഗാനമേള. എട്ടിനാണ് ആറാട്ട്. രാത്രി പത്തിന് സുധാ രഘുനാഥന്‍ അവതരിപ്പിക്കുന്ന സംഗീതസദസ്. രാത്രി 12ന് ആറാട്ട് എതിരേല്‍പ്.