തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശിതരൂരിന് ലോകസഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് സ്ഥാനം നൽകാൻ ഹൈക്കമാൻഡ് തയ്യാറാകുമോ എന്ന സംശയവുമായി നേതാക്കള്‍.
നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് ആസാമിലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാവുന്ന സാഹചര്യത്തിലാണിത്.
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാന്‍ മോഹിക്കുന്ന തരൂർ ഈ വാഗ്ദാനം സ്വീകരിച്ച് മെരുങ്ങുമോയെന്ന് വ്യക്തമല്ല. കൊടുക്കാന്‍ ഹൈക്കമാണ്ട് തയാറാകുമോ എന്നതിലും വ്യക്തതയില്ല.
അതിനിടെ, സംസ്ഥാന കോൺഗ്രസിൽ ശുദ്ധികലശം നടത്താനുള്ള നിർണായക യോഗം നാളെ ഡൽഹിയിൽ നടക്കുകയാണ്. തരൂരിന്റെ പദവിയും കെ.പി.സി.സി പ്രസിഡന്റ് മാറ്റവും പ്രധാന ചർച്ചയാവും.
10 ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റിയേക്കും. തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന നേതൃത്വത്തിൽ അപ്പാടെ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, എം.പിമാർ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കേരളത്തിലെ സാമുദായിക സമവാക്യങ്ങളെല്ലാം പാലിച്ച് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ഹൈക്കമാൻഡിന് ശ്രമകരമായിരിക്കും.
ഉമ്മൻചാണ്ടിയുടെ നിര്യാണം സൃഷ്ടിച്ച വലിയ വിടവ് ഇതുവരെ നികത്താനായിട്ടില്ല. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യമോ പദവിയോ പാർട്ടിയിൽ ഇല്ലെന്നത് ഗുരുതര പ്രശ്നമായി അവശേഷിക്കുന്നു.
നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിന് പാർട്ടിയെ നയിക്കാൻ ക്രൈസ്തവ വിഭാഗത്തിൽ നിന്നൊരാൾ വേണമെന്ന വിലയിരുത്തലുണ്ട്.
റോജി എം ജോണ്‍ പോലുള്ള പേരുകളാണ് പരിഗണനയില്‍. ബെന്നി ബഹനാനും ആന്റോ ആന്റണിയിമൊക്കെ ഈ പദവിക്കായി രംഗത്തുണ്ടെങ്കിലും അത് വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ ആകുമോ എന്നാണ് ആശങ്ക.
മറുഭാഗത്ത് ഏറ്റവും പ്രബല സമുദായമായ ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നെന്ന പരാതിയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുണ്ട്. കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള സമുദായമാണ് ഈഴവ സമുദായം.
എന്നാൽ ഏറ്റവും വലിയ സമുദായമായ ഈഴവ സമുദായത്തിനുള്ളത് ഒരു നിയമസഭാംഗം മാത്രം, ലോക്സഭയിൽ രണ്ടും. മറ്റുള്ളവര്‍ ജയിച്ചു വരുന്നില്ല, വെള്ളാപ്പള്ളി ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണ അവര്‍ക്കുപോലും കിട്ടുന്നുമില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കണക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇത് പരിഗണിക്കപ്പെട്ടാൽ സംഘടനാ രംഗത്തും ഭരണരംഗത്തും ഒരു പോലെ പ്രാവീണ്യമുള്ള അടൂർ പ്രകാശിന് സാദ്ധ്യതയേറും.
റെയിൽവെയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ അടൂർ പ്രകാശ് ഡൽഹിയിലുണ്ട്. ദളിത് വിഭാഗത്തിന് പ്രസിഡന്റ് പദവി നൽകണമെന്ന് തീരുമാനിച്ചാൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിലിന് നറുക്ക് വീഴാം.
തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പലവഴിക്ക് നടക്കുന്നുണ്ട്. ജനങ്ങൾക്ക് തന്നെ വേണമെന്നാണ് കരുതുന്നതെന്നും പാർട്ടി അതു മനസിലാക്കിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് അത് വേണ്ടെങ്കിൽ, ഞാൻ എന്റെ വഴിക്ക് പോകും.
ലോകമെമ്പാടും നിന്ന് ക്ഷണമുണ്ടെങ്കിലും രാഷ്ട്രീയവും പാർലമെന്റും കാരണം അതിൽ പലതിലും പങ്കെടുക്കാൻ കഴിയുന്നില്ല. ഐക്യരാഷ്ട്രസഭയിൽ നിന്ന് വിട്ടശേഷം, നല്ല വരുമാനത്തിൽ അമേരിക്കയിൽ സുഖമായി ജീവിച്ചിരുന്നതതാണ്. ഈ രാജ്യത്തെ സേവിക്കാനാണ് യു.എന്നിൽ നിന്ന് തിരിച്ചുവന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട് വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറിച്ചായിരുന്നു. 2026 ൽ പാർട്ടി എന്താണ് ആഗ്രഹിക്കുന്നതെന്ന് നോക്കാം. ഭാവി പറയാൻ ഞാൻ ഒരു ജ്യോതിഷിയല്ല.
തിരുവനന്തപുരത്തെ വോട്ടർമാർ തിരഞ്ഞെടുത്തതിനാൽ പാർലമെന്റേറിയനായി പ്രവർത്തിക്കുന്നു. ബി.ജെ.പിയിലേക്ക് പോകാൻ പദ്ധതിയില്ല.
കോൺഗ്രസിലെ സ്വതന്ത്ര നിലപാടുകാരനായതിനാൽ രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. അതിൽ വിമർശനവും എതിർപ്പമുണ്ടാകും. പാർട്ടിയിൽ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാടും എടുത്തിട്ടില്ല. പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
തിരുവനന്തപുരത്ത് തനിക്ക് പാർട്ടിക്ക് അതീതമായി വോട്ടു ലഭിച്ചിട്ടുണ്ട്. എന്റെ സംസാരവും പെരുമാറ്റവും ആളുകൾക്ക് ഇഷ്ടമാണ്. കോൺഗ്രസ് പാർട്ടിയെ ഇഷ്ടമില്ലാത്തവരും വോട്ട് ചെയ്തിട്ടുണ്ട്.
അല്ലെങ്കിൽ ഞാൻ ജയിക്കില്ലായിരുന്നു. ദേശീയ തലത്തിലും കേരളത്തിലും പരമ്പരാഗത വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് ജയിക്കാനാകില്ല.
10 വർഷമായി പിന്തുണയ്ക്കാത്തവരുടെ വോട്ടുകൾ തേടണം. പരമ്പരാഗത വോട്ടുകളെ മാത്രം ആശ്രയിച്ചാൽ കോൺഗ്രസ് കേരളത്തിൽ പ്രതിപക്ഷത്ത് തന്നെ തുടരും – തരൂർ നയം വ്യക്തമാക്കിയത് ഇങ്ങനെ.
സി.പി.എമ്മിലേക്ക് പോവുമെന്ന അഭ്യൂഹത്തിനിടെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അതിരൂക്ഷമായി തരൂർ വിമർശിച്ചു. പുതിയവയെ എതിർക്കുന്ന കാലഹരണപ്പെട്ട പ്രത്യയശാസ്‌ത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. 10-15 വർഷം എതിർക്കുന്നവയെ പിന്നീട് സ്വീകരിക്കും.
കംപ്യൂട്ടറുകൾ വന്നപ്പോൾ, അടിച്ചു തകർത്തു. മൊബൈൽ ഫോണുകൾ മുതലാളിത്ത കളിപ്പാട്ടമാണെന്നും ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു. ഇന്ന് കമ്മ്യൂണിസ്റ്റ് ഓഫീസുകളിൽ കംപ്യൂട്ടറുകൾ കാണാം. സ്വകാര്യ സർവകലാശാലകളെ എതിർത്തിട്ട് ഇപ്പോൾ കേരളത്തിന് നല്ലതാണെന്ന് പറയുന്നു.
ഇപ്പോൾ എതിർക്കുന്ന വിദേശ സർവകലാശാലകൾക്കു വേണ്ടിയും അവർ വാദിക്കുമെന്നുറപ്പാണ്. സംസ്ഥാന കോൺഗ്രസിലെ പടലപ്പിണക്കത്തിൽ ലീഗ് അടക്കമുള്ള ഘടകക്ഷികൾ അസംതൃപ്തി രേഖപ്പെടുത്തിയതോടെ തരൂർ, സുധാകരൻ വിഷയങ്ങളിൽ ഉടനടി തീരുമാനമെടുക്കാൻ ഹൈകമാൻഡിന് മേൽ സമ്മർദ്ദം ഏറുകയാണ്.