കോട്ടയം: മുതിര്‍ന്ന സി.പി.എം നേതാവ് ഇന്നു പാര്‍ട്ടി വിട്ടു തനിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പി.വി അന്‍വറിന്റെ പ്രഖ്യാപനം. മുതിര്‍ന്ന സി.പി.എം നേതാവ് എത്തുമെന്നു പ്രഖ്യാപിച്ചതോടെ പല പേരുകളും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാകട്ടെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുയായികളും. കോട്ടയം പ്രസ് ക്ലബില്‍ തൃണമൂല്‍ കേരള ഘടകം കോഓര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണു ലയന പ്രഖ്യാപനം നടന്നത്.
പിന്നാലെ സി.പി.എം സൈബറിടം അന്‍വറിനെ ട്രോളി രംഗത്തു വന്നു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സജി മഞ്ഞക്കടമ്പില്‍’ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്.
സി.പി.എം സ്ഥാപക അംഗത്തെ അടര്‍ത്തിയെടുത്ത് അന്‍വര്‍… ഇനി തൃണമൂല്‍ കേരളം ഭരിക്കും.. മോഹന്‍ലാലിനെ കൊണ്ടുവരാം എന്നുപറഞ്ഞു ആള്‍ക്കാരെ കൂട്ടിയശേഷം പച്ചക്കുളം വാസുവിനെ കൊണ്ടുവന്ന കോട്ടയം കുഞ്ഞച്ചന്‍ ഇതിലും എത്ര ഭേദം , തുടങ്ങി സൈബറിടത്തില്‍ നിറയെ അന്‍വര്‍ ട്രോളുകള്‍ നിറയുകയാണ്.
കൂട്ടത്തില്‍ ബി.ജെ.പിയെയും സി.പി.എം ട്രോളുന്നുണ്ട്.സജിയുടെ നീക്കം ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കും തിരിച്ചടിയെന്നാണു ട്രോള്‍ പോസ്റ്റുകള്‍ രംഗത്തു വരുന്നത്. എന്‍.ഡി.എയില്‍നിന്നുള്ള അവഗണനയാണു മുന്നണി വിടാന്‍ കാരണമെന്നും ഘടകകക്ഷിയെന്ന നിലയില്‍ എന്‍.ഡി.എയില്‍നിന്നു സംരക്ഷണം ലഭിച്ചില്ലെന്നും സജി കുറ്റപ്പെടുത്തുന്നുണ്ട്.
എന്‍.ഡി.എ മുന്നണി യോഗങ്ങള്‍ക്കൊന്നും സജിയെ ബി.ജെ.പി. ക്ഷിണിച്ചിരുന്നില്ലെന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യു.ഡി.എഫ് ചെയര്‍മാനുമായിരുന്നു സജി. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്ന് എന്‍.ഡി.എയുടെ ഭാഗമായി.
കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു എത്തിയത്. പിന്നീട് ബി.ജെ.പി ജില്ലാ നേതൃത്വം സജിയെയും കൂട്ടരെയും അടുപ്പിച്ചിരുന്നില്ല. ഇതും മുന്നണി വിടാന്‍ കാരണമായി.