തിരുവനന്തപുരം: ആശവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടന്‍ സലീം കുമാര്‍. സമരത്തില്‍ അന്യായമായി ഒന്നുമില്ല. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ സമരത്തെ നിരന്തരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിന്റെ പ്രതികരണം.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ അധിക്ഷേപിക്കുകയാണ്. സമരത്തിന് മുഖം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു.
ആശാവര്‍ക്കാര്‍മാര്‍ നാടിന്റെ സമ്പത്താണ്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഓണറേറിയം എന്ന പേരിലുള്ള തുച്ഛമായ തുകയ്ക്ക് ഒരു ദിവസത്തിലെ 24 മണിക്കൂറും ജോലി ചെയ്യേണ്ട ബാധ്യത ഇന്നവര്‍ക്ക് വന്നിരിക്കുകയാണ്.
രണ്ടാഴ്ച്ചയായി സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലുടനീളവും അവര്‍ സമരം നടത്തിവരികയാണ്. സര്‍ക്കാര്‍ സമരത്തിന് മുഖം കൊടുക്കുന്നില്ലെന്ന് മാത്രമല്ല, അധിക്ഷേപിക്കുകയാണ്. സമരം ചെയ്യുന്ന സഹോദരിമാര്‍ക്ക് പിന്തുണ നല്‍കുമെന്നും സലീം കുമാര്‍ പറഞ്ഞു.