കോട്ടയം: സജി മഞ്ഞക്കടമ്പന്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി എൻഡിഎ മുന്നണിയിൽ നിന്നാലോ, പോയാലോ അത് ബിജെപിക്ക് ഒരു ചുക്കുമല്ല എന്നത് സത്യം.
പക്ഷേ സജി മഞ്ഞക്കടമ്പന്‍ മുന്നണിയില്‍ പ്രവേശനം നേടി 3 മാസം തികയും മുന്‍പ് മുന്നണിക്ക് പുറത്തേക്ക് പോകുമ്പോൾ ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയമായി അതിനൊരു ശരികേടുണ്ട്.
മൂന്നുമാസം തികച്ച് മുമ്പ് മുന്നണിയിൽ നിൽക്കാത്ത ഒരു തട്ടിക്കൂട്ട് പാർട്ടിയെ ഘടക കക്ഷിയായി അംഗീകരിച്ചതിന്റെ മാനക്കേട് ചില്ലറയല്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ആയിരുന്നു അന്ന് കേരള കോൺഗ്രസ്- ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജിയും പാർട്ടിയും മുന്നണി വിട്ടു കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം സജിയുടെ പാർട്ടിയെ എൻഡിഎ ഘടക കക്ഷിയായി ബിജെപി അംഗീകരിക്കുകയും ചെയ്തു.
പക്ഷേ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നൽകിയ ഓഫറുകൾ പാലിക്കാതെ വന്നതോടെ ആയിരിക്കാം സജി മുന്നണി വിടാൻ തീരുമാനിച്ചത്.
റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവി ഉള്‍പ്പെടെയായിരുന്നു സജി പ്രതീക്ഷിച്ചത്. പക്ഷേ സജിയുടെ പാര്‍ട്ടിയുഎ വലുപ്പം നോക്കി മാത്രം പദവി എന്നതായിരുന്നു ബിജെപി നിലപാട്.
അങ്ങനെയെങ്കില്‍ ഏതെങ്കിലും ആര്‍.പി. എസ് ( റബര്‍ ഉത്പാദക സംഘം ) കൊണ്ട് സജിക്ക് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു.
അങ്ങനെയാണ് കുന്നോളം സ്വപ്നങ്ങളുമായി ബിജെപി ചേരിയിലേയ്ക്ക് ചെന്ന സജിക്ക് അവിടം മടുത്തത്.
പോരാത്തതിന് പൂഞ്ഞാറില്‍ നിന്നും പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ സജിക്കല്ല ഒരു മാതിരി അന്തസോടെ ആര്‍ക്കും അവര്‍ക്കൊപ്പം സഹകരിക്കാന്‍ പറ്റാത്ത സ്ഥിതിയും വന്നു.
ഇതോടെ, പി.വി. അൻവർ നേതൃത്വം നൽകുന്ന തൃണമൂല്‍ കോൺഗ്രസിലേക്ക് ആണ് സജിയുടെ പുതിയ രംഗ പ്രവേശനം. ഒരു വർഷത്തിന് ഇടയിൽ മൂന്നാമത്തെ പാർട്ടിയും രണ്ടാമത്തെ മുന്നണിയും.
തൃണമൂല്‍ കോൺഗ്രസിന് യുഡിഎഫ് സഖ്യകക്ഷിയായി അംഗീകാരം കിട്ടിയാൽ സജി വീണ്ടും യുഡിഎഫിലാകും. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് സജി വ്യക്തമാക്കിയിരുന്നതാണെങ്കിലും ആ വാക്കും ഇപ്പോൾ പാഴാകും.
ഇതിനിടെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സജിയുടെ പാർട്ടി വിട്ടു പോയിരുന്നു.
ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നവരായിരുന്നു സജിയുടെ ഒപ്പം ഉണ്ടായിരുന്നത്. ഇനിയും ഈ പാര്‍ട്ടിയുമായി അങ്ങനെ നടന്നാൽ വീട്ടിൽ തീ പുകയില്ലെന്ന് കണ്ടതോടെയാണ് അവർ പ്രവര്‍ത്തനം നിർത്തിയത്. ഇതോടെ പാർട്ടി മൂന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലായിരുന്നു സജി.