കോഴിക്കോട്: വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരണ്‍ ശശിധരന്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് സിപിഎം ബ്രാഞ്ച് അംഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

തിരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമായ കെ സി മുരളീകൃഷ്ണനാണ്  സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മീഷണര്‍, മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവര്‍ക്കും മുഖ്യമന്ത്രിക്കും പരാതി അയച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഫറോക്ക് അസി. കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഞായറാഴ്ച രാത്രി മീഞ്ചന്ത ബൈപ്പാസില്‍ തിരുവണ്ണൂരില്‍ വെച്ചാണ് സംഭവം നടന്നത്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരായ മുരളീകൃഷ്ണയും സമീറും റോഡരികില്‍ വാഹനം നിര്‍ത്തി സംസാരിക്കുകയായിരുന്നു. 

അപ്പോള്‍ അതുവഴിയെത്തിയ എസ്ഐ അകാരണമായി അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും തോള്‍ സഞ്ചി പിടിച്ചുവാങ്ങി പരിശോധിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

 എന്തിനാണ് മര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വീണ്ടും തല്ലുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാത്രി ഒന്നര വരെ സ്റ്റേഷനില്‍ പിടിച്ചുവെച്ചു എന്നും ആരോപണമുണ്ട്. തുടര്‍ന്ന് ഇവര്‍ ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *