തിരുവനന്തപുരം : രാജ്യത്ത് ഫാസിസമില്ലെന്ന് വ്യക്തമാക്കുന്ന സി.പി.എം രേഖ പുറത്തുവരുന്നതിനിടെ സംഘപരിവാർ പ്രമുഖൻ യോഗി ആദിത്യനാഥിന്റെ സർക്കാർ ഭരിക്കുന്ന ഉത്തർ പ്രദേശില ക്രിസ്ത്യൻ വേട്ട തുടർക്കഥയാവുന്നു.
56 ദിവസത്തിനിടയിൽ മാത്രം അവിടെ 35 ക്രിസ്ത്യാനികളെയാണ് മതപരിവർത്തന നിരോധന നിയമപ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനം തൊട്ടറിഞ്ഞിട്ടും രാജ്യത്ത് പുരോഗമനവാദികൾ ഞങ്ങളാണെന്ന് ശഠിക്കുന്ന സി.പി.എമ്മും സംഘപരിവാറിന്റെ കുഴലൂത്തുകാരായ കാസയും മൗസം പാലിക്കുകയാണ്.
കേരളത്തിൽ ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ക്രിസ്മസിന് കേക്കും ഷേക്ക്ഹാൻഡും നൽകി സഭാ വിശ്വാസികളെ ബി.ജെ.പിയിലേക്ക് ആനയിക്കുമ്പോൾ ഉത്തരേന്ത്യയിൽ ഇതേ ശക്തികൾ ക്രൈസ്തവരെ പീഡപ്പിച്ച് ഇല്ലാതാക്കാൻ നോക്കുകയാണ്.
ഉത്തർ പ്രദേശിൽ ഞായറാഴ്ച നടക്കുന്ന പതിവ് പ്രാർത്ഥനാ കൂട്ടങ്ങളിൽ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് അറസ്റ്റ് നടക്കുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. മതപരിവർത്തന ശ്രമം ആരോപിച്ച് ഈ മാസം 23ന് ഒമ്പത് പേരെയാണ് അഴിക്കുള്ളിലാക്കിയത്.
കഴിഞ്ഞ വർഷം യു.പിയിൽ മാത്രം 209 അക്രമസംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അവിടെ നിലവിലുള്ള മതപരിവർത്തന നിരോധന നിയമപ്രകാരം (The Uttar pradesh Prohibition of Unlawful Conversion of Religion (AMENDMENT) ACT, 2024) പ്രകാരം അറസ്റ്റ് ചെയ്താൽ ആരോപണവിധേയർക്ക് ജാമ്യം ലഭിക്കില്ല.
ഈ നിയമരപകാരം മതപരിവർത്തനം നടക്കുന്നതായി തോന്നിയാൽ ആർക്കു വേണമെങ്കിലും പോലീസിനെ വിളിച്ചറിയിക്കാം. അതിലെല്ലാം പോലീസ് കേസെടുക്കണമെന്നും നിയമത്തിൽ പറയുന്നു.
വേദഗ്രന്ഥമായ ബൈബിൾ പോലും പിടിച്ചെടുത്ത് പോലീസ് കൊണ്ടു പോകുന്നത് ഞെട്ടൽ ഉളവാക്കുന്നുെണ്ടന്നും ഭരണാഘടനാ അനുസൃതമായ വിശ്വാസം നിലനിർത്താനോ പ്രചരിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് യു.പിയിലെന്നും പാസ്റ്റർ ജോയി മാത്യു യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജൻസി (UCA) യോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച സീതാപൂർ, റായ്ബറേലി എന്നീ ജില്ലകളിൽ നിന്നായി രണ്ട് പാസ്റ്ററുമാരടക്കഗ മൂന്ന് സ്ത്രീകളെയും മറ്റ് അഞ്ച് പേരെയും മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ യു.പിയിലെ വിവിധ ജയിലുകളിലായി നൂറിലധികം ക്രൈസ്തവരാണ് കഴിയുന്നത്. 2025 ജനുവരിയിൽ മതപരിവർത്തന നിരോധന നിയമപ്രകാരം മലയാളി പാസ്റ്റർ ദമ്പതികളെ അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ ദമ്പതികളെ അംബേദ്കർ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചെങ്കിലും ഈ മാസം 18 ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് പാസ്റ്റർ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
കരിനിയമങ്ങൾ പ്രയോഗിച്ച് ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും സി.പി.എം കേന്ദ്രക്കമ്മറ്റിയോ പൊളിറ്റ് ബ്യൂറോയോ ഇതിനെതിരെ പ്രതികരിക്കുന്നില്ല.
ഇക്കാര്യങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിച്ച് ഫാസിസം ഇന്ത്യയിലില്ലെന്ന കണ്ടെത്തലിലാണ് പാർട്ടിയുള്ളത്.