കോട്ടയം: യൂറോപ്പില്‍ ഉള്‍പ്പടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ പോയ സി.ഐ കുടകില്‍ നിന്നു പിടിയില്‍. തോപ്പുംപടി എസ്.എച്ച്.ഒ ആയിരുന്ന ചങ്ങനാശേരി ചെന്നിക്കടുപ്പില്‍ സി.പി സജയനെയാ(47)ണു കോട്ടയം വെസ്റ്റ് സംഘം അറസ്റ്റു ചെയ്തത്.
കേസിലെ മുഖ്യപ്രതി റിക്രൂട്ടിങ്ങ് സ്ഥാപനം നടത്തിയിരുന്ന കാന്‍അഷ്വര്‍ സ്ഥാപന ഉടമ പ്രീതി മാത്യുവിനെ (50) പോലീസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് സി.ഐയെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയ്ക്കു സമീപത്തു പ്രവര്‍ത്തിക്കുന്ന കാന്‍അഷ്വര്‍ സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇവിടെ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി ആളുകളില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണു കോട്ടയം വെസ്റ്റ് പോലീസ് മാത്രം രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു സി.ഐ. സഞ്ജയും തട്ടിപ്പില്‍ പങ്കാളിയായി എന്നു കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
തട്ടിപ്പ് പുറത്തായതോടെ ഇയാളും സ്ഥാപന ഉടമ പ്രീതിയും ഒളിവില്‍ പോയിരുന്നു. മാസങ്ങളോളം ഇവര്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും ഇപ്പോള്‍ പോലീസ് പിടിയിലാവുന്നത്. ചൊവ്വാഴ്ച കര്‍ണ്ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ആദ്യം പ്രീതിയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് സജയനെയും അറസ്റ്റു ചെയ്തു. സജയനെ ഇന്നു കോടതിയില്‍ ഹാജരാക്കും.