വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ഇലോണ്‍ മസ്ക്. സ്പേസ് എക്സ് ഉടമയും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സര്‍ക്കാരിലെ ഉന്നതനുമാണ് മസ്ക്. 2030ല്‍ ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നാസയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും തീരുമാനിച്ചിരിക്കവേയാണ് അതിലും വേഗത്തില്‍ ബഹിരാകാശ നിലയം ഡീ കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി മസ്ക് രംഗത്ത് എത്തിയിരിക്കുന്നത്.
ഈ ബഹിരാകാശ നിലയം കൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങള്‍ എല്ലാം തന്നെ നേടി. ഇനി വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേ ഈ അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് സാധിക്കേണ്ടതായുള്ളു. ഐഎസ്എസിന്‍റെ ഡീ ഓര്‍ബിറ്റ് ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. ചൊവ്വയെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കായിരിക്കണം ഇനി ശ്രദ്ധ വേണ്ടത് എന്നും ഇലോണ്‍ മസ്ക് തന്‍റെ എക്സില്‍ കുറിച്ചു.
2030ല്‍ എസ്എസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ ക്യാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീ ഓര്‍ബിറ്റ് ചെയ്യാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനെ നാസ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഡീ ഓര്‍ബിറ്റിന് 2030 വരെ കാത്തു നില്‍ക്കേണ്ടതില്ല എന്ന് മസ്ക് ഇപ്പോള്‍ വാദിക്കുന്നു. അതിനും മുമ്പേ ബഹിരാകാശ നിലയം ഡീ കമ്മീഷന്‍ ചെയ്യണമെന്നതാണ് ട്രംപ് ഭരണ കൂടത്തില്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യന്‍സി വിഭാഗത്തിന്‍റെ തലവനും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്കിന്‍റെ ആവശ്യം.
അന്താരാഷ്ട്ര ബഹിരാകാസ നിലയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് 2028ല്‍ പിന്മാറാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഐഎസ്എസിലെ ഗവേഷണവും സാങ്കേതിക വികസനവും പരിശീലനവും തുടരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. താഴ്ന്ന ഭൂഭ്രമണ പഥത്തില്‍ സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നതും മനുഷ്യര്‍ക്ക് താമസിക്കാന്‍ ആവുന്നതുമായ ബഹിരാകാശ ഗവേഷണ ശാലയും നിരീക്ഷണ കേന്ദ്രവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.