ചാമ്പ്യൻസ് ട്രോഫിയിലെ തിരിച്ചടി; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിനൊരുങ്ങി പാക് താരം

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിനൊരുങ്ങി പാക് താരം ഫഖര്‍ സമന്‍. ന്യൂസിലന്‍ഡിനെതിരായ പാകിസ്ഥാന്‍റെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഫഖര്‍ സമന്‍ കണ്ണീരടക്കാനാവാതെ വിതുമ്പിയിരുന്നു. പരിക്കും ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായതും കണക്കിലെടുത്താണ് ഫഖര്‍ സമന്‍ ഏകദിനങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതെന്ന് താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ അടുത്ത സുഹൃത്തുക്കളോട് ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഫഖര്‍ ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാകിസ്ഥാനുവേണ്ടി 86 ഏകദിനങ്ങളില്‍ കളിച്ച ഫഖര്‍ സമന്‍ 11 സെഞ്ചുറികള്‍ അടക്കം 46.21 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയായിരിക്കും തന്‍റെ അവസാന ഏകദിന ടൂര്‍ണമെന്‍റെന്നും ഏകദിന ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഫഖര്‍ സമന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഐസിസി ഏകദിന റാങ്കിംഗ്: ഒന്നാം സ്ഥാനം ഉറപ്പിച്ച് ഗില്‍, ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യൻ താരങ്ങൾ; കോലിക്കും നേട്ടം

സമീപകാലത്ത് നേരിട്ട ആരോഗ്യപ്രശ്നങ്ങളും ഫഖറിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ഹൈപ്പോതൈറോയ്ഡിസമുള്ള ഫഖറിനോട് ഡോക്ടര്‍മാർ രണ്ടരമാസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ കഴിഞ്ഞ രണ്ട് മാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഫഖര്‍ ചാമ്പ്യൻസ് ട്രോഫിയിലൂടെയാണ് തിരിച്ചുവന്നത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റതോടെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു.

വിദേശരാജ്യത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദേശ ടി20 ലീഗുകളില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 34കാരനായ ഫഖര്‍ പാകിസ്ഥാനുവേണ്ടി മൂന്ന് ടെസ്റ്റിലും 92 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചാലും ടി20യില്‍ തുടര്‍ന്നും പാകിസ്ഥാനുവേണ്ടി കളിക്കാന്‍ ഫഖര്‍ തയാറായേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin