‘​ഗുഡ് ബാഡ് അ​ഗ്ലി’ അപ്ഡേറ്റ് എത്തി; ആവേശത്തില്‍ അജിത്ത് ആരാധകര്‍

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളായ അജിത്തിന്‍റെ ചിത്രങ്ങള്‍ രണ്ട് വര്‍ഷമായി എത്തിയിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ രണ്ട് റിലീസുകളാണ് അദ്ദേഹം സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. അതില്‍ ആദ്യത്തേത് ഫെബ്രുവരി 6 ന് എത്തി. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ് അടുത്ത ചിത്രം. ഏപ്രില്‍ 10 റിലീസ് ആണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് സംബന്ധിച്ചാണ് അത്. ടീസര്‍ ഫെബ്രുവരി 28 ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. 

ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. 2023 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമ. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. 

മാര്‍ക്ക് ആന്‍റണിയുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. മലയാളത്തില്‍ ആമേന്‍, ബ്രോഡാഡി അടക്കമുള്ള സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദനായിരുന്നു ആദിക് രവിചന്ദ്രന്‍റെ കഴിഞ്ഞ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെയും ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വിടാമുയര്‍ച്ചി വലിയ വിജയം നേടാതെപോയ സാഹചര്യത്തില്‍ ഗുഡ് ബാഡ് അഗ്ലി ആ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ALSO READ : ‘ലാ ടൊമാറ്റിന’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഉടന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

By admin