കേരളവും വിദർഭയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ഫൈനൽ മത്സരം ഇന്ന് ആരംഭിക്കും. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാവിലെ 9.30 മുതൽ മത്സരം ആരംഭിക്കും. കഴിഞ്ഞ ഏതാനും സീസണുകളായി മികച്ച ക്രിക്കറ്റ് കളിക്കുന്ന വിദർഭയും കേരളവും വാശിയേറിയ പോരാട്ടത്തിനായാണ് ഇറങ്ങുക. വിദർഭ മുൻപ് രണ്ട് തവണ രഞ്ജി നേടിയിട്ടുണ്ട്. എന്നാൽ, കേരളത്തിൻ്റേത് ഇത് കന്നി ഫൈനലാണ്.
സ്വന്തം ഗ്രൗണ്ടിലാണ് കളി എന്നത് വിദർഭയ്ക്ക് ലഭിക്കുന്ന നേട്ടമാണ്. ഒപ്പം കരുൺ നായർ, യാഷ് റാത്തോഡ്, ക്യാപ്റ്റൻ അക്ഷയ് വാദ്കർ തുടങ്ങിയ താരങ്ങളടങ്ങുന്ന അതിശക്തമായ മധ്യനിരയും ഹർഷ് ദുബേ, യാഷ് താക്കൂർ, ദർശൻ നൽക്കണ്ഠേ എന്നിങ്ങനെ കരുത്തുറ്റ ബൗളിംഗ് നിരയും വിദർഭയെ അപകടകാരിയായ ടീമാക്കുന്നു. കടലാസിൽ കേരളത്തെക്കാൾ വളരെ കരുത്തരാണ് വിദർഭ. മുൻപ് നമ്മളെ തോല്പിച്ചിട്ടുമുണ്ട്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ 2018-19 സീസണിൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കുന്നു. എതിരാളികൾ ഇതേ വിദർഭ. അന്ന് ഉമേഷ് യാദവെന്ന ഇന്ത്യൻ പേസറിൻ്റെ മൂളിപ്പറക്കുന്ന പന്തുകൾക്ക് മുന്നിൽ ചിറകരിഞ്ഞുവീണ കേരളം കളി തോറ്റത് ഇന്നിംഗ്‌സിനും 11 റണ്‍സിനും. ഉമേഷ് യാദവ് രണ്ട് ഇന്നിംഗ്സിൽ നിന്നായി വീഴ്ത്തിയത് 12 വിക്കറ്റുകൾ. ആ സെമിഫൈനൽ ഒരു മിസ്മാച്ച് ആയിരുന്നു.
അന്ന് കേരളത്തിൻ്റെ കന്നി ഫൈനൽ മോഹത്തെ ഒരു അസാമാന്യ സ്പെൽ കൊണ്ട് തടയിട്ട സാക്ഷാൽ ഉമേഷ് യാദവ് പക്ഷേ, ഇക്കുറി വിദർഭയുടെ സ്ഥിരം ഇലവനിൽ ഇല്ല. കാലം മാറിമറിഞ്ഞിരിക്കുന്നു. ഏഴ് കൊല്ലത്തിൻ്റെ വളർച്ചയും തളർച്ചയും പലതാരങ്ങൾക്കും സംഭവിച്ചുകഴിഞ്ഞു. വിദർഭയുടെ കരുത്ത് പഴയതുപോലെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും കേരളം പഴയ കേരളമല്ല.
കേരള താരങ്ങൾ മാനസികമായി കരുത്തരായിരിക്കുന്നു. രണ്ടര സെഷൻ നിർത്താതെ ബാറ്റ് ചെയ്യാനും അവസാന വിക്കറ്റിൽ 81 റൺസ് നേടി ടീമിന് ലീഡ് നൽകാനും ഇന്ന് കേരള താരങ്ങൾക്ക് കഴിയും. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച നാല് റെഡ് ബോൾ ടീമുകളിലൊന്ന് എന്ന് കേരളത്തെ നിസ്സംശയം വിളിയ്ക്കാം. ഒപ്പം ജലജ് സക്സേനയെന്ന മഹാമാന്ത്രികന് കൂട്ടായെത്തിയ പഴയ വിദർഭ പടക്കുതിര ആദിത്യ സർവാറ്റെയുടെ സാന്നിധ്യം കേരളത്തിന് നൽകുന്ന മുൻതൂക്കം ചില്ലറയല്ല. മുൻപ് കേരളത്തെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് കുതിച്ച വിദർഭയ്ക്കൊപ്പം സർവാറ്റെ ഉണ്ടായിരുന്നു. ഇന്ന് അയാൾ കേരളത്തിനൊപ്പം, വിദർഭയ്ക്കെതിരെ.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *