തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് സാമ്പത്തിക ബാധ്യതയാണോ കാരണം, അതോ മറ്റു കാരണങ്ങള്‍ വല്ലതുമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൂട്ട ആത്മഹത്യയെ കുറിച്ച് മുന്‍പ് ആലോചിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാനും അന്വേഷണം സംഘം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയ്ക്കുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ തീരുമാനിച്ചത്.
ഇതിന് പുറമേ അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകളും പരിശോധിക്കും. ഇതിനായി ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയില്‍ തുടരും.
അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഓരോരുത്തരേയും ആക്രമിക്കാനുള്ള സമയം അഫാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു.
വൈകീട്ട് സഹോദരനെ കുഴിമന്തി വാങ്ങാന്‍ വിട്ടത് കാമുകിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്നുമാണ് പൊലീസ് നിഗമനം.