23 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ 5 പേരെ കൊലചെയ്ത വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. സൈക്കോളജി പ്രാക്റ്റീസിൽ സമാനമായ സ്വഭാവരീതിയിയുള്ള ആളുകളുടെ മാനസികാവസ്ഥയെ കണ്ടതിന്റെ അടിസ്ഥാനത്തിലുള്ള ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
ലഹരി ഉപയോഗവും കൊലപാതകങ്ങൾ ചെയ്യാൻ കാരണമായേക്കാം. എംഡിഎംഎ പോലെയുള്ള ലഹരികൾ ഉപയോഗിക്കുന്നത് വളരെ വയലെന്റ് ആയി പെരുമാറാനും, സംശയരോഗം ഉണ്ടാകാനും കാരണമാകും. പക്ഷേ ലഹരിക്കടിമകളായ ആളുകൾക്ക് ചികിത്സ നൽകുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. വ്യക്തിത്വ വൈകല്യം, മോശം കുടുംബസാഹചര്യം, പഠനത്തിൽ പിന്നോക്കം, ദേഷ്യം, എടുത്തുചാട്ടം, വാശി എന്നീ സ്വഭാവ രീതികൾ ചെറുപ്പം മുതലേ ഉള്ളവരായിരിക്കും ലഹരിക്ക് അടിമകളായവർ.
അഫാന്നെക്കുറിച്ചു വാർത്തകളിലൂടെ മനസ്സിലാക്കുന്ന കാര്യങ്ങൾ പരിശോധിക്കാം. ഡിഗ്രി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു, അന്തർമുഖനായ വ്യക്തി, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഫോൺ കൊടുക്കാത്തതിന് വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു.
വളരെ പെട്ടെന്ന് എടുത്തു ചാടുന്ന ഇമോഷണലി അൺസ്റ്റേബിൾ പേഴ്സണാലിറ്റി ഡിസോർഡർ (Emotionally Unstable Personality Disorder), ആൻറ്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (Antisocial Personality Disorder) എന്നിവ ഈ വ്യക്തിക്കുണ്ടാകാൻ സാധ്യത അധികമാണ്. പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണം എന്ന് ചിന്തിക്കാതെ എടുത്തുചാടി കൂടുതൽ വഷളാക്കുക, ആരെങ്കിലും ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ വലിയ എതിർപ്പും ദേഷ്യവും കാണിക്കുക, ഒട്ടും മനഃസാക്ഷി ഇല്ലാത്ത, മറ്റാരെയും കുറിച്ചു ചിന്തയില്ലാത്ത, ക്രൂരത കാണിക്കുന്ന, കുറ്റബോധമില്ലാത്ത രീതി.
ഒരു വ്യക്തിയുടെ കുടുംബ സാഹചര്യങ്ങൾ എങ്ങനെയാണ് എന്നത് ആ വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്തകളെയുമൊക്കെ വളരെയധികം സ്വാധീനിക്കുന്ന കാര്യമാണ്. ചില കുടുംബങ്ങളിൽ കുട്ടികളെ കളിയാക്കി സംസാരിക്കുക, ഉദാ: കുട്ടി പഠനത്തിൽ പിന്നോക്കമാണെങ്കിൽ അവനെ ഒരു മണ്ടനായി കണ്ട് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കളിയാക്കുക. ഒരിക്കലും ആ കുട്ടിക്ക് വിലകൊടുക്കാതെ ഇരിക്കുക. കുട്ടി അന്തർമുഖനാണ് എങ്കിൽ മനസ്സിലുള്ള സങ്കടം അവൻ പുറത്തു കാണിക്കണം എന്നില്ല. പക്ഷേ ചെറിയ പ്രായം മുതലേ അപമാനം സഹിക്കാനാവാതെ മനസ്സിൽ അവൻ അതെല്ലാം ഓർത്തുവച്ചിട്ടുണ്ടാവും. ആ സങ്കടങ്ങൾ അങ്ങനെ കുമിഞ്ഞുകൂടി വലിയ വാശിയായി അമർഷമായി ഒക്കെ മാറിയേക്കാം. പല വീടുകളിയായി ചെന്ന് അഞ്ചു പേരെ കൊലപ്പെടുത്താൻ ഇതും ഒരു കാരണമാണോ എന്ന് പരിശോധിക്കണം.
മാതാപിതാക്കളും അടുത്ത ബന്ധുക്കളും അമിതമായി കർശന രീതിയിൽ വളർത്തുക, അല്ലെങ്കിൽ ഒരു നിയന്ത്രണങ്ങളും വയ്ക്കാതെ അമിതമായി ലാളിക്കുക എന്നിങ്ങനെയുള്ള രണ്ട് സാഹചര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കും.
സിബ്ളിങ് റൈവൽറി (sibling rivalry) അനുജനെ കൊലപാതകം ചെയ്യാൻ കാരണമായോ എന്ന് പരിശോധിക്കണം. ഇതെല്ലാം സാധ്യതകൾ മാത്രമാണ് എങ്കിൽപ്പോലും അനുജനെ മിടുക്കനായി, ശാന്തസ്വഭാവക്കാരനായി എല്ലാവരും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്ന സാഹചര്യം ഉണ്ടെങ്കിൽ അതും വലിയ വാശി മനസ്സിൽ രൂപപ്പെടാൻ കാരണമാകും. എന്നെ മാത്രം ആർക്കും വേണ്ട എന്ന ചിന്ത അവനിൽ വലിയ ക്രൂരത ചെയ്യാനുള്ള പ്രേരണ ഉണ്ടാക്കിയേക്കാം.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഫോൺ കൊടുക്കാത്തതിന് വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നത്- ഈ സ്വഭാവരീതി അമിത വാശിയും ദേഷ്യവുമുള്ള പല കുട്ടികളിലും കാണുന്നതാണ്.
വളരെ നല്ലൊരു ചെറുപ്പക്കാരനായിരുന്നുവെന്നാണ് അമ്മയുടെ സഹോദരൻ അഫാനെകുറിച്ച് പ്രതികരിച്ചത് എന്ന് വാർത്തകളിൽ കണ്ടു. പൊതുവെ വ്യക്തിത്വ വൈകല്യമുള്ളവരെപ്പറ്റി ഒരു തെറ്റിദ്ധാരണ അവർ എല്ലാ സമയത്തും ദേഷ്യം പ്രകടിപ്പിക്കുന്നവർ ആയിരിക്കും എന്നാണ്. ഉദാ: പുതിയ സ്മാർട്ട് ഫോൺ വേണമെന്ന് ഒരു കുട്ടി വാശി പിടിക്കുന്നു, എന്നാൽ മാതാപിതാക്കൾ സമ്മതിക്കുന്നില്ല.
ആ കുട്ടി ദേഷ്യം കാണിച്ചുതുടങ്ങി വീട്ടിലെ സാധനങ്ങൾ എല്ലാം നശിപ്പിക്കുന്നു, ഒടുവിൽ ഒരു കത്തിയെടുത്തു അമ്മയെയും അച്ഛനെയും അനുജത്തിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇത്രയുമായപ്പോൾ അച്ഛനും അമ്മയും വല്ലാതെ ഭയപ്പെട്ടുപോയ്. അവർ ഫോൺ വാങ്ങിത്തരാം എന്ന് പേടിച്ചു സമ്മതിക്കുന്നു.
ഫോൺ കിട്ടിയതിനുശേഷം അവൻ ശാന്തനാകുന്നു. പിന്നെ കുറെ ദിവസങ്ങൾ ഒരു പ്രശ്നവും ഇല്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങൾ അവർ ഇഷ്ടമുള്ളപ്പോൾ വീട്ടിൽ നിന്നും പുറത്തേക്കു പോകുകയും, രാത്രി വളരെ വൈകി തിരിച്ചെത്തുകയും ചെയ്യുന്നു, കൂട്ടുകാരുമായി സ്ഥിരമായി ലഹരി ഉപയോഗം നടത്തുന്നു എന്നും മനസ്സിലാക്കിയ മാതാപിതാക്കൾ അവനെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവനു ദേഷ്യം വരികയും കഴിഞ്ഞതൊക്കെ ആവർത്തിക്കുകയും ചെയ്യുന്നു.
പല മാതാപിതാക്കളും മക്കൾക്ക് സ്വഭാവ പ്രശ്നങ്ങൾ ഉണ്ടെന്നും, മറ്റുള്ളവരെ ഉപദ്രവിക്കുന്നു എന്നും മനസ്സിലാക്കിയാലും സൈക്കോളജിസ്റ്റിനെ സമീപിക്കാൻ മടിക്കുന്നു. കുട്ടികൾ വലുതാകുമ്പോൾ ഇതെല്ലാം തനിയെ മാറും എന്ന തെറ്റായ വിശ്വാസം, അല്ലെങ്കിൽ ആളുകൾ അറിയുമ്പോഴുള്ള നാണക്കേട് എന്നിവ കരുതി അവർ പിന്മാറും. അത് പിന്നീട് മക്കളിൽ വലിയ ക്രിമിനൽ സ്വഭാവവും കൊലപാതകം ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് വരെ കൊണ്ടെത്തിക്കും.
മറ്റു ബന്ധുക്കൾക്ക് ഈ കുട്ടിയുടെ സ്വഭാവം എല്ലായ്പ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം അവന്റെ വാശികളെ എതിർക്കുന്നവരോട് മാത്രമായിരിക്കും അവർ ദേഷ്യം കാണിക്കുക. അത് മാത്രമല്ല ചെറിയ സ്വഭാവപ്രശ്നങ്ങൾ കുട്ടി കാണിച്ചു തുടങ്ങുമ്പോൾ അത് നിസ്സാരമായി കാണുന്നതും അതിന്റെ ഗൗരവം മനസ്സിലാക്കി അതു മാറ്റിയെടുക്കാൻ ശ്രമിക്കാത്ത അവസ്ഥ സൃഷ്ടിക്കും.
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കാരണങ്ങളിൽ ചില സാധ്യതകൾ പരിശോധിക്കാം. കുടുംബാംഗങ്ങളെപ്പോലെ പെൺസുഹൃത്തും തനിക്കെതിരാണ് എന്ന തോന്നലാകാം ചിലപ്പോൾ ഈ കൊലപാതകത്തിന് കാരണം. പെൺസുഹൃത്ത് റിലേഷൻഷിപ് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എങ്കിൽ അതും അയാളെ ചൊടിപ്പിച്ചേക്കാം. തന്നെ ചതിക്കുന്നപോലെ ചിലപ്പോൾ അയാൾക്ക് സംശയം തോന്നിയിട്ടുണ്ടാകാം. എനിക്ക് കിട്ടാത്ത സ്നേഹം നിന്നിൽനിന്നും മറ്റാർക്കും കിട്ടണ്ട എന്ന സ്വാർത്ഥമായ ചിന്തയും ക്രൂരതയ്ക്ക് കാരണമായേക്കാം.
ഇനി സാമ്പത്തികമായ കാരണങ്ങളാണ് എങ്കിൽ ഡിഗ്രി ഡ്രോപ്പ് ഔട്ട് ആയ, വരുമാനമില്ലാത്ത ആളെ വീട്ടുകാർ നിയന്ത്രിക്കാൻ ശ്രമിച്ചതും, പണം നൽകാതെ വന്നതുമാണോ ഈ ക്രൂരതകൾക്ക് പ്രേരിപ്പിച്ചതെന്നും കണ്ടെത്തണം. ഓൺലൈൻ റമ്മി പോലെ പണം ഒരുപാട് ആവശ്യം വരുന്ന ഗാംബ്ലിങ് അഡിക്ഷൻ ഉണ്ടോ, ലഹരി ഉപയോഗത്തിനായി പണം ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കണം.
(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.)
പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയം എന്തെല്ലാമാണ് ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നത് ?