എന്താണ് ശരിക്കും എമ്പുരാൻ?, മമ്മൂട്ടിയുണ്ടോ ചിത്രത്തില്‍?, പ്രതികരിച്ച് മുരളി ഗോപി- വീഡിയോ

എമ്പുരാൻ പ്രഖ്യാപിച്ചതുതൊട്ട് ആരാധകര്‍ ആകാംക്ഷയിലാണ്. എന്തായിരിക്കും എമ്പുരാൻ എന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി മറുപടി പറഞ്ഞതും രസകരമായിട്ടാണ്. ഒരു സാൻഡ്‍വിച്ചിന്റെ നടുഭാഗമാണ് ശരിക്കും എമ്പുരാൻ എന്നാണ് മുരളി ഗോപി വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

മോഹൻലാലിന്റെ എമ്പുരാന്റെ ടീസര്‍ ലോഞ്ചിംഗിന് മമ്മൂട്ടി വെളുത്ത വസ്‍ത്രം ധരിച്ച് വന്നതിനെ കുറിച്ച് അവതാരക ചോദിച്ചപ്പോഴും വിട്ടുപറയാതെയായിരുന്നു മുരളി ഗോപിയുടെ മറുപടി. എന്തേലും സസ്‍പെൻസുണ്ടോ എന്നായിരുന്നു അവതാരക തിരക്കഥാകൃത്തിനോട് ചോദിച്ചത്. ഇല്ലെന്ന് മറുപടി. ശബ്‍ദ സാന്നിദ്ധ്യമായിട്ടെങ്കിലും മമ്മൂട്ടിയുണ്ടാകുമോ എന്ന ചോദ്യമായിരുന്നു പിന്നീട്. അതൊന്നും ഇപ്പോള്‍ പറയുന്നില്ല എന്നായിരുന്നു മുരളി ഗോപിയുടെ മറുപടി. എമ്പുരാന്റെ വണ്‍ലൈൻ എന്താണ് എന്ന ചോദ്യത്തോടും തിരക്കഥാകൃത്ത് പ്രതികരിച്ചു. എമ്പുരാൻ ഒരു ത്രീ പാര്‍ട് ഫ്രാഞ്ചസിയുടെ മിഡ് പാര്‍ട്ടാണ്. ലൂസിഫറാണ് എമ്പുരാന്റെ വിസിറ്റിംഗ് കാര്‍ഡ് എന്ന് വേണമെങ്കില്‍ പറയാം. ലൂസിഫറിന്റെ തുടര്‍ച്ചയാകുമ്പോള്‍ തന്നെ എമ്പുരാൻ പുതിയ ഒരു ലോകം സൃഷ്‍ടിക്കുന്നുണ്ട്. ഒരു സാൻഡ്‍വിച്ചിനെയാണ് ഞാൻ താരതമ്യപ്പെടുത്തുന്നത്. സാൻഡ്‍വിച്ചിന്റെ മിഡ് പീസാണ് എമ്പുരാൻ. ലൂസിഫറില്‍ എല്ലാ കഥാപാത്രങ്ങളുടെയും ഒരു ഇൻട്രൊഡക്ഷൻ  ഉണ്ട്. എമ്പുരാൻ ലൂസിഫറിന്റെ തുടര്‍ച്ച ആയിരിക്കെ തന്നെ ഒരു പുതിയ ലോകം ക്രിയേറ്റ് ചെയ്യുകയും ആ ലോകത്തിലൂടെ പഴയ ഓര്‍മയില്‍ നിന്നുള്ള ലോകം വരികയും അതിന്റെ കണ്ടിന്യൂഷൻ ഉണ്ടാകുകയും ചെയ്യുന്ന രീതിയാണ് എമ്പുരാനില്‍ സ്വീകരിച്ചിരിക്കുന്നത് എന്നും മുരളി ഗോപി ചൂണ്ടിക്കാട്ടുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും.

Read More: 62കാരൻ ഗോവിന്ദയ്‍ക്ക് 30കാരി നടിയുമായി പ്രണയം, നടൻ 37 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin