ഇതെന്താ മാന്ത്രികലോകമോ, അന്തവുംകുന്തവും അവസാനവുമില്ല? കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ തപ്പിയലഞ്ഞ് യുവാക്കൾ
ചൈനയിലെ ആർക്കിടെക്ചർ വളരെ വ്യത്യസ്തമാണ്. പല അമ്പരപ്പിക്കുന്ന കെട്ടിടങ്ങളും മറ്റും ഇവിടെ കാണാം. അതുപോലെ, ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് wudu_guoer എന്ന യൂസറാണ്. ചോങ്കിംഗ് എന്ന നഗരത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. അതിൽ കെട്ടിടങ്ങളിൽ നിന്നുള്ള ശരിക്കും ഗ്രൗണ്ട് ഫ്ലോർ എങ്ങനെ കണ്ടെത്താം എന്ന പരീക്ഷണമാണ് ഇൻഫ്ലുവൻസർ നടത്തുന്നത്. എന്നാൽ, വീഡിയോ കാണുമ്പോഴാണ് ശരിക്കും കാഴ്ചക്കാർ അമ്പരന്ന് പോകുന്നത്.
ആ കെട്ടിടങ്ങളുടെ ഓരോ നിലകളിലും ഓരോ സ്ഥലത്തും എത്തുമ്പോൾ പടിക്കെട്ടും റോഡും ഒക്കെയായി ഇപ്പോൾ നിൽക്കുന്നത് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് എന്ന് തോന്നിക്കും. എന്നാൽ, ശരിക്കും ഏതോ മുകൾനിലയിലായിരിക്കും നാം നിൽക്കുന്നത്.
താനും തന്റെ സുഹൃത്തും കൂടി ശരിക്കും ഈ കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോർ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് എന്നാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഒരു കാറും ബസുമെല്ലാം കടന്നു പോകുന്ന സ്ഥലത്ത് എത്തുമ്പോൾ ഇതാണ് ഗ്രൗണ്ട് ഫ്ലോർ എന്ന് ഇവർ കരുതുന്നു. എന്നാൽ, ശരിക്കും അതായിരുന്നില്ല ഗ്രൗണ്ട് ഫ്ലോർ. രണ്ടുപേരും കൂടി ഒരു പാലത്തിന്റെ മുകളിൽ നിന്നും നോക്കുമ്പോൾ ഇനിയും വീണ്ടും താഴെ നിലകളുണ്ട് എന്ന് കാണാം.
പിന്നേയും അവർ മറ്റൊരു നിലയിലെത്തുന്നു. അപ്പോഴും ഇതായിരിക്കും അല്ലേ ഗ്രൗണ്ട് ഫ്ലോർ എന്ന് സുഹൃത്ത് ഇൻഫ്ലുവൻസറോട് ചോദിക്കുന്നുണ്ട്. എന്നാൽ, അപ്പോഴും അവർ അതിൽ നിന്നും വളരെ അകലെയാണ് എന്ന് കാണാം.
അനേകം അനേകം പടിക്കെട്ടുകളും റോഡുമെല്ലാം രണ്ടുപേരും നടക്കുന്നുണ്ടെങ്കിലും അപ്പോഴും ഗ്രൗണ്ട് ഫ്ലോർ വളരെ അകലെ തന്നെയാണ്. എന്തായാലും, വീഡിയോ കണ്ട ആരും ഇത് നിർമ്മിച്ചവരെ കുറിച്ചോർത്ത് അന്തം വിടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.