അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം; ‘വിടാമുയര്‍ച്ചി’ തീം മ്യൂസിക് എത്തി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാര്‍ നായകനായി തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു വിടാമുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം മഗിഴ് തിരുമേനി ആണ്. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീതം. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നെങ്കിലും പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് ആയില്ല. അതേസമയം ചിത്രത്തിലെ അനിരുദ്ധിന്‍റെ വര്‍ക്ക് കൈയടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് സംഗീതം പകര്‍ന്ന ഒരു തീം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പെര്‍സിവെറന്‍സ് എന്ന തീം ആണ് പുറത്തെത്തിയിരിക്കുന്നത്.

തൃഷയാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. ചിത്രത്തില്‍ റെഗിന കസാന്‍ഡ്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. 

എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിന്‍റേതായി ഇതിന് മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങള്‍ നേടിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വിടാമുയര്‍ച്ചിക്ക് അതിന് സാധിച്ചില്ല. അതേസമയം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും അജിത്തിന്‍റേതായി പുറത്തെത്താനുണ്ട്. ഏപ്രില്‍ 10 ന് ചിത്രം എത്തും.

ALSO READ : ‘മനം പെയ്യും’; ‘ഗെറ്റ് സെറ്റ് ബേബി’യിലെ വീഡിയോ ഗാനം എത്തി

By admin