സിറ്റി-കില്ലര്‍ ഛിന്നഗ്രഹം ഭൂമിയെ തൊടമാട്ടേ… ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് നാസ; ലോകത്തിന് ആശ്വാസം

കാലിഫോര്‍ണിയ: ഭൂമിക്ക് കനത്ത ഭീഷണിയാവുമെന്ന് കരുതിയ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ (Asteroid 2024 YR4) കുറിച്ച് ആശ്വാസ വാര്‍ത്ത പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2032ല്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ഒരുവേള 3.1 ശതമാനം വരെ ഉയര്‍ന്നിരുന്ന ഈ ഛിന്നഗ്രഹം ഇപ്പോള്‍ കൂട്ടിയിടിക്ക് വെറും 0.004% സാധ്യതയേ നല്‍കുന്നുള്ളൂ എന്നാണ് നാസയുടെ ആസ്ട്രോയ്‌ഡ് വാച്ചിന്‍റെ പുതിയ ട്വീറ്റ്. എങ്കിലും നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ടീം 2024 വൈആര്‍4 ഛിന്നഗ്രഹത്തെ സൂക്‌മമായി നിരീക്ഷിക്കുന്നത് തുടരും. 

2024 ഡിസംബർ 27ന് ചിലിയിലെ എൽ സോസ് ഒബ്‍സർവേറ്ററിയാണ് 2024 YR4 ഛിന്നഗ്രഹം കണ്ടെത്തിയത്. ഈ ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ലോകത്തെ കനത്ത ആശങ്കയിലാഴ്ത്തിയിരുന്നു. ഏകദേശം 40 മുതൽ 90 മീറ്റർ വരെ വ്യാസം (ഭാവിയിലെ കണക്കുകള്‍ മാറാം) ഇപ്പോള്‍ കണക്കാക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഒരു ചെറു നഗരത്തെ തുടച്ചുനീക്കാന്‍ തക്ക ശേഷിയുണ്ട്. ഇതിനാല്‍ സിറ്റി-കില്ലര്‍ എന്ന വിശേഷണവും ഇതിന് ലഭിച്ചു. 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആദ്യം 1.2 ശതമാനം ആയിരുന്നു നാസ കണക്കാക്കിയിരുന്നത്. പിന്നീട് ഇത് 2.3 ശതമാനവും 2.6 ശതമാനവും 3.1 ശതമാനവുമായി ഈ മാസം നാസ ഉയര്‍ത്തിയത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. ഏതാണ്ട് ഇത്രത്തോളം വലിപ്പത്തിലുള്ള ഒരു ഛിന്നഗ്രഹത്തിന് നാളിതുവരെ നാസ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കൂട്ടിയിടി സാധ്യതയായിരുന്നു 3.1%. 

എന്നാല്‍ ഫെബ്രുവരി 19ന് 1.5 ശതമാനമായും, ഇതിന് ശേഷം 0.28 ശതമാനമായും ഇപ്പോള്‍ വളരെ ചെറിയ 0.004% ആയും 2024 വൈആര്‍4ല്‍ നിന്ന് ഭൂമിക്കുള്ള ഭീഷണി നാസ കുറച്ചിരിക്കുകയാണ്. ഇതോടെ ഛിന്നഗ്രഹം ഭൂമിയെ നോവിക്കാതെ സുരക്ഷിതമായി 2032 ഡിസംബറില്‍ കടന്നുപോകും എന്ന് അനുമാനിക്കാം. 

ഭൂമിയില്‍ 2024 വൈആര്‍4 ഛിന്നഗ്രഹം 2032ല്‍ പതിക്കാനുള്ള സാധ്യത വളരെ കുറഞ്ഞെങ്കിലും നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് നിരീക്ഷണം തുടരും. 2024 വൈആര്‍4 വലിപ്പം കൃത്യമായി രേഖപ്പെടുത്തുകയാണ് ഒരു പ്രധാന ലക്ഷ്യം. നിലവിൽ 2024 YR4 ഭൂമിയിൽ നിന്ന് ഏറെ അകലെയാണ് ഉള്ളത്. ഇത് ഏപ്രിലിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ 2028 വരെ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ ദൃശ്യമാകില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ സമയം കൊണ്ട് ഈ ഛിന്നഗ്രഹത്തിന്‍റെ ചലനങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുകയാണ് ശാസ്ത്രജ്ഞർ. നാസയ്ക്ക് പുറമെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചൈനീസ് ബഹിരാകാശ ഏജന്‍സിയും 2024 വൈആര്‍4 ഛിന്നഗ്രഹത്തെ വിടാതെ പിന്തുടരുന്നുണ്ട്. 

Read more: ഭൂമിക്ക് തലവേദനയായി കണ്ടെത്തിയ ഛിന്നഗ്രഹം ഇന്ത്യക്കും ഭീഷണി; സഞ്ചാരപാതയില്‍ അറബിക്കടലും ഈ സ്ഥലങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin