കാലടി : ശ്രീശങ്കരാചാര്യസംസ്കൃതസർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ ഈ അധ്യയനവർഷം പുതിയ പി.ജി., നാല് വർഷബിരുദം, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
പന്മന പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്ന പ്രോഗ്രാം ഈ അധ്യയനവർഷം ആരംഭിക്കും. 20 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുക.
കൂടാതെ കഴിഞ്ഞവർഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി., പി.ജി,. പ്രോഗ്രാമുകളിലേക്കും ഈ വർഷവും പ്രവേശനം ഉണ്ടായിരിക്കും. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ പുതുതായി സംസ്കൃതം സാഹിത്യം, ഉറുദു എന്നിവയിൽ നാല് വർഷ ബിരുദകോഴ്സുകൾ ആരംഭിക്കും.
കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി. പ്രോഗ്രാമുകളും ഫിലോസഫി ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളും തുടരും. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ സംസ്കൃതം സാഹിത്യത്തിൽ പി.ജി. പ്രോഗ്രാമും സംസ്കൃതം വേദാന്തത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമും ഈ അധ്യയന വർഷം തുടങ്ങും.
നിലവിലുള്ള പി.ജി. പ്രോഗ്രാമുകൾക്ക് മാറ്റമില്ല. പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ കഴിഞ്ഞ വർഷം വിജ്ഞാപനം ചെയ്ത എല്ലാ യു.ജി., പി.ജി. പ്രോഗ്രാമുകൾക്കും പുറമെ സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിസ്റ്ററി, ഫിലോസഫി എന്നിവയിൽ പുതിയ പി.ജി. പ്രോഗ്രാമുകളും ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.