ലോട്ടറിയടിച്ച് അസം; അംബാനിയും അദാനിയും ചേര്‍ന്ന് നിക്ഷേപിക്കുക ഒരു ലക്ഷം കോടി
അംബാനിയും അദാനിയും ചേര്‍ന്ന് അസമില്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും. ഗുവാഹത്തിയില്‍ നടക്കുന്ന അഡ്വാന്‍റേജ് അസം 2.0 ഉച്ചകോടിയിലാണ് ഗൗതം അദാനിയും മുകേഷ് അംബാനിയും ഇക്കാര്യം പ്രഖ്യാപിച്ചത്. വിമാനത്താവളം, എയ്റോ സിറ്റി, റോഡ് പദ്ധതി, സിമന്‍റ് മേഖലകളില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ നിക്ഷേപം നടത്തും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ മേഖലയിലും നിക്ഷേപം നടത്തും. 2018 ലെ നിക്ഷേപക ഉച്ചകോടിയില്‍ 5,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നുവെന്നും ഈ നിക്ഷേപം 12,000 കോടി രൂപ കവിഞ്ഞെന്നും ഉച്ചകോടിയില്‍ മുകേഷ് അംബാനി പറഞ്ഞു. ഇനി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ നിക്ഷേപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഭാവിയില്‍ അസമിലെ യുവാക്കള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അവര്‍ എഐക്ക് പുതിയ അര്‍ത്ഥം നല്‍കുമെന്നും മുകേഷ് അംബാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടിസ്ഥാന സൗകര്യ, നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. 60 ലധികം രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയില്‍ 30,000 കോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വാഗ്ദാനം. അദാനി മധ്യപ്രദേശില്‍ 1.10 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു. ഭോപ്പാലില്‍ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഗൗതം അദാനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഖനനം, സ്മാര്‍ട്ട് വെഹിക്കിള്‍, താപ ഊര്‍ജ്ജ മേഖലകളിലായിരിക്കും ഗ്രൂപ്പ് കമ്പനികള്‍ ഈ നിക്ഷേപം നടത്തുക. 2030 ആകുമ്പോഴേക്കും മധ്യപ്രദേശില്‍ 1.20 ലക്ഷം പേര്‍ക്ക് ഇത് തൊഴില്‍ നല്‍കും. മധ്യപ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് സ്മാര്‍ട്ട് സിറ്റി, വിമാനത്താവളം, കല്‍ക്കരി ബെഡ് ഏരിയ എന്നിവയില്‍ ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.