കൊല്ലം: സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 38 കേസുകളാണ് പരിഗണിച്ചത്.
17 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് പരാതികള്‍ ലഭിച്ചു. ഇ ഗ്രാന്റ്സും ശമ്പള കുടിശ്ശികയും ലഭിക്കാത്തതും കണ്‍സള്‍ട്ടന്‍സി സ്ഥാപനം വാങ്ങിയ തുക തിരികെ നല്‍കാത്തതും സംബന്ധിച്ചും പി.എസ്.സി നിയമനം, സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, തൊഴില്‍ തട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുമുള്ള പരാതികളാണ് കൂടുതലും ലഭിച്ചത്.  
യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ കൃത്യമായ പരിഹാരത്തിന് കമ്മീഷന്‍ ഇടപെടുമെന്നും അവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഷാജര്‍ പറഞ്ഞു.
യുവതക്കിടയിലെ വര്‍ധിക്കുന്ന ജോലി സമ്മര്‍ദം സംബന്ധിച്ച് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി 27ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കമ്മീഷന്‍ സെക്രട്ടറി ഡി. ലീന ലിറ്റി, അംഗം എച്ച്. ശ്രീജിത്ത്, ലീഗല്‍ അഡൈ്വസര്‍ വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *