നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് സ്പോർട് 2026ൽ എത്തും

മൂന്നാം തലമുറ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ള സ്വിഫ്റ്റ് സ്പോർട്ട് ZC33S ഫൈനൽ എഡിഷൻ ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി അടുത്തിടെ അവതരിപ്പിച്ചു . ഇത് 2025 മാർച്ചനും നവംബറിനും ഇടയിൽ വിൽപ്പനയ്‌ക്കെത്തും. ഇപ്പോഴിതാ 2026 ൽ സുസുക്കി നാലാം തലമുറ സ്വിഫ്റ്റ് സ്‌പോർട് പുറത്തിറക്കിയേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. പുതിയ സ്വിഫ്റ്റ് സ്പോർട്ട് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2026 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നും ജാപ്പനീസ് മാധ്യമങ്ങൾ അവകാശപ്പെടുന്നു.

ഈ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് സ്‌പോർട് കൂടുതൽ ശക്തവും കാര്യക്ഷമവുമായ പവർട്രെയിനുമായി വരും. അതേസമയം പുതിയ സ്‌പോർട്ടി ഹാച്ച്ബാക്ക് നമ്മുടെ വിപണിയിൽ എത്താൻ സാധ്യതയില്ല. സാധാരണ സ്വിഫ്റ്റിനെ പിന്തുണയ്ക്കുന്ന അതേ ഹേർടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ മോഡൽ ഒരുങ്ങുന്നത്.  മാത്രമല്ല, നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിന് 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും ലഭിക്കും. നിലവിലുള്ള മൂന്നാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിൽ 1.4 ലിറ്റർ, ടർബോചാർജ്ഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 140 PS ഉം 130 Nm ഉം ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

താരതമ്യപ്പെടുത്തുമ്പോൾ, നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവീകരിച്ച 1.4 ലിറ്റർ പെട്രോൾ എഞ്ചിന്റെ പവർ ഔട്ട്പുട്ട് ഏകദേശം 150 PS പവറും 240 Nm ടോർക്കും ആകാം. 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണത്തിന്റെ ഭാഗമായ ഇലക്ട്രിക് ഡ്രൈവ് മോട്ടോർ അധികമായി 15 PS പവറും 59 Nm ടോർക്കും നൽകും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6MT, 6AT എന്നിവ ഉൾപ്പെടും. നിലവിലെ മോഡലിന് സമാനമായി, നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടും ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ലഭ്യമാകും.

അളവുകളുടെ കാര്യത്തിൽ, നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിന് 3,990 മില്ലീമീറ്റർ നീളവും 1,750 മില്ലീമീറ്റർ വീതിയും 1,500 മില്ലീമീറ്റർ ഉയരവുമുണ്ടാകും. വീൽബേസ് 2,450 മില്ലീമീറ്റർ ആയിരിക്കും. നിലവിലെ മോഡലിന് ഏകദേശം 970 കിലോഗ്രാം ഭാരമുണ്ട്. എന്നാൽ നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിന് ഏകദേശം 960 കിലോഗ്രാം ഭാരമുണ്ടാകും. നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിന് ഉയർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കണക്കിലെടുക്കുമ്പോൾ, പവർ-ടു-വെയ്റ്റ് അനുപാതം മികച്ചതായിരിക്കും. ഇത് സ്വിഫ്റ്റ് സ്പോർട്ട് ആരാധകർക്കും പ്രകടന പ്രേമികൾക്കും പുതിയ മോഡലിനെ കൂടുതൽ ആകർഷകമാക്കും.

നാലാം തലമുറ സ്വിഫ്റ്റ് സ്പോർട്ടിന് 2.3 ദശലക്ഷം മുതൽ 2.5 ദശലക്ഷം യെൻ (13.56 ലക്ഷം മുതൽ 14.74 ലക്ഷം രൂപ വരെ) വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനം 2026 ൽ ജപ്പാനിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. താരതമ്യേന ഉയർന്ന വില കാരണം, ഇന്ത്യയിൽ സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിക്കാൻ സാധ്യതയില്ല. കാരണം ഇന്ത്യൻ വിപണിയിൽ ഹോട്ട് ഹാച്ചിന്റെ ബിസിനസ് ലാഭക്ഷമത ഉറപ്പാക്കാൻ തക്കവിധമുള്ള ഉയർന്ന വിൽപ്പന ലഭിക്കാൻ സാധ്യതയില്ല. ഇന്ത്യയിലെ സ്റ്റാൻഡേർഡ് നാലാം തലമുറ സ്വിഫ്റ്റ് 6.49 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാണ്.

By admin