കോട്ടയം: അക്ഷര നഗരിയുടെ വിദ്യാഭ്യാസ – സാംസ്‌കാരിക മേഖലകളിൽ നേട്ടങ്ങൾ സമ്മാനിച്ച നാട്ടകം ഗവൺമെന്റ് കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങൾ വെള്ളിയാഴ്ച സമാപിക്കും. 
ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജായ നാട്ടകം കോളജിന്റെ രണ്ടുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണു സമാപനമാകുന്നത്. 

സമാപനത്തിന്റെ ഭാഗമായി ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ഉദ്ഘാടനം ചെയ്യും.

1972ൽ പ്രീഡിഗ്രി കോഴ്സുകളുമായി ആരംഭിച്ച കോളജ് ഇന്ന് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ആദ്യഘട്ടത്തിൽ ചെറിയ ഒരു കെട്ടിടത്തിൽ നിന്നാരംഭിച്ച കോളജ് ഇന്ന് 15 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. 
അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആണ് കോളജ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1974 മാർച്ചിൽ പ്രീ ഡിഗ്രി ക്ലാസുകൾ കാമ്പസിൽ നിർമ്മിച്ച സെമി-പെർമെനന്റ് കെട്ടിടത്തിലേക്ക് മാറ്റി. ആദ്യ ബിരുദ കോഴ്സായ ബി.എസ്.സി. ജിയോളജി 1976 ജൂണിൽ തുടങ്ങി പിന്നീട് ബി.കോം, പ്രീ-ഡിഗ്രി  കോഴ്സുകളും ആരംഭിച്ചു.

1978-ൽ എ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായതോടെ ഡിഗ്രി ക്ലാസുകളും ഓഫീസും പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

കോളജിലെ ആദ്യ ബിരുദാനന്തര ബിരുദ കോഴ്സ് സാമ്പത്തിക ശാസ്ത്രത്തിൽ 1981 ൽ തുടങ്ങി. ഇന്നു പത്തു ബിരുദ പ്രോഗ്രാമുകളും ആറു ബിരുദാനന്തര പ്രോഗ്രാമുകളും ഉണ്ട്. ആറ് ഗവേഷണ കേന്ദ്രങ്ങളടക്കം കോളജ് മികവിന്റെ പാതയിലേക്ക് വളർന്നു.
2008 സെപ്റ്റംബറിൽ ആദ്യ നാക് അംഗീകാരമായി ബി ഗ്രേഡ് ലഭിച്ചു. 2016 ൽ ‘എ’ ഗ്രേഡും നേടി. ഭൗതികശാസ്ത്ര ഗവേഷണ കേന്ദ്രം, ഭാഷാലാബ്, ആധുനിക വ്യാവസായിക രസതന്ത്ര ലാബ്, ജിയോളജി മ്യൂസിയം, സുവോളജി അക്വേറിയം സെന്റർ, റോക്ക് ഗാർഡൻ, ഇന്റർ ഡിസിപ്ലിനറി ഗവേഷണ കേന്ദ്രം എന്നിവയും കോളേജിന്റെ അക്കാദമിക് രംഗങ്ങളിലെ മുതൽക്കൂട്ടാണ്.

എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 150 കോളജുകളിൽ ഒന്നാണ് നാട്ടകം കോളജ്.

2022ൽ തുടക്കം കുറിച്ച രണ്ടുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഉന്നത- വിദ്യാഭ്യാസ -സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവാണ് തിരി തെളിച്ചത്. ‘സുവർണ്ണം 2025’ എന്ന് പേരിട്ടിരിക്കുന്ന സുവർണജൂബിലി ആഘോഷം, കലാ-സാംസ്‌കാരിക പൊതുസമ്മേളനത്തോടുകൂടിയാണ് സമാപിക്കുന്നത്.
ഫെബ്രുവരി 27ന്  രാവിലെ 10 മുതൽ കോളജിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനമേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. വിദ്യാഭ്യാസ പ്രദർശന മേളയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.

വൈകിട്ട് അഞ്ചിന് നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ  മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ മുഖ്യാതിഥിയാവും. 6.30ന് തിരുവാതിര, മൈം, ഏഴുമണിക്ക് ജുഗൽബന്ദി എന്നിവ നടക്കും.

ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ  ഉദ്ഘാടനം ചെയ്യും. 
ഫെബ്രുവരി 28ന് രാവിലെ 10 ന് ‘ഉന്നത വിദ്യാഭ്യാസവും സമകാലിക ചിന്തയും’ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എസ്.സി.ഇ.ആർ.ടി. ഡയറക്ടറും മുൻ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ജെ. പ്രസാദ് പാനൽ ചർച്ച നയിക്കും. തുടർന്ന് കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *