തവളയുടെ ഹൃദയം ഓന്തിന്, ഓന്തിന്റെ ഹൃദയം തവളയ്ക്ക്; ഞാന്‍ കാരണം വെള്ളത്തിലായ ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ!
ഞാന്‍ തവളയുടേയും ഓന്തിന്റേയും മുഖത്തേക്ക് നോക്കി.
അവറ്റകള്‍ എന്നെ നോക്കി ‘രക്ഷിക്ക് രക്ഷിക്ക്’ എന്ന് പറയുന്നത് പോലെ തോന്നി.
രക്ഷിച്ചേ പറ്റൂ..!
ഈ പിശാശുക്കളുടെ ഇടി കിട്ടിയാലും വേണ്ടില്ല, തവളയേയും ഓന്തിനേയും ഒന്നിച്ച് രക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ഓന്തിനെ പറ്റി ഓര്‍ക്കുമ്പോള്‍ തവളയെ ഓര്‍മ്മ വരുന്നത ഒരു രോഗമാണോ ഡോക്ടര്‍? ആണെങ്കില്‍ ഞാനാ ടൈപ്പ് രോഗിയാണ്. പക്ഷേ, അതങ്ങനെ ചുമ്മാ വന്നതല്ല. അയ്‌ന് പൊറകില് ഒരു കഥയുണ്ട്.
എന്റെ സ്വന്തം ചേട്ടനായി പിറന്ന ഒരുത്തനും പിന്നെ കസിനായി പിറന്ന വേറൊരുത്തനും കൂടെ ഒപ്പിച്ച മഹാ പാതകം ആണ് പറഞ്ഞുവരുന്നത്.
സ്‌കൂള്‍ അവധി ആയാല്‍ പിറ്റേ ദിവസം തന്നെ അമ്മ വീട്ടില്‍ പോയി അവരുടെ ഉറക്കം കെടുത്തലാണ് എന്റെ അമ്മയുടെ ജോലി (എനിക്കതില് പങ്കില്ല).
അമ്മ വീട് തൃശ്ശൂര് ടൗണില്‍ തന്നെയാണ്. വല്യ പരിഷ്‌കാരികളാണെന്നാണ് അവരുടെ വിചാരം. അതുകൊണ്ട് ഒല്ലൂരില്‍ നിന്നും വരുന്ന ഞങ്ങള്‍ക്ക് അത്ര വിലയൊന്നും അവിടെയുള്ളവര്‍ തന്നിരുന്നില്ല.
എനിക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. എവിടെ ആയിരുന്നാലും കുറേ ഉറങ്ങണം, കുറേ തിന്നണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.
അതെന്റെ കുറ്റമല്ല. പണ്ട് ഞാന്‍ പറഞ്ഞിട്ടില്ല്യോ, വയറ്റിലപ്പടി കൊക്കപ്പുഴുവാന്നേ!
അത് പോട്ടെ..
ഈ അമ്മവീടിരിക്കുന്ന സ്ഥലത്തിന്റെ പേര് മൈലിപ്പാടം എന്നാണ്. അക്ഷരം തെറ്റാതെ വായിക്കണം. മൈലിപ്പാടം ഒരു പാടം തന്നെ ആയിരുന്നു. പക്ഷേ, ഇടക്കിടക്ക് വലുതും ചെറുതുമായ വീടുകള്‍ ഉണ്ടായിരുന്നു.
എന്റെ അമ്മവീടിന്റെ വലത് ഭാഗത്തെ മതില് തൊട്ട് അങ്ങോട്ട് പാടം ആണ്. അവിടെ എപ്പോഴും വെള്ളം നിറഞ്ഞ് കിടക്കും. ഇടക്ക് പാമ്പൊക്കെ ‘ലാ ല ലാ’ വെച്ച് പോകുന്നത് കാണാം. ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.
വലിയ വലിയ പാമ്പുകളെ വീട്ടില് കണ്ട് വരുന്നവളാ ഞാന്‍. ആ എന്റെ മുന്നിലാ ഇച്ചിരി പോന്ന മൂര്‍ഖന്റെ ‘ഊ ല ല ല്ല’
അല്ലെങ്കിലും ജീവികളെ ഉപദ്രവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, അന്നും ഇന്നും!
പക്ഷേ, ഞാന്‍ മാത്രം നല്ലതാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കൂടെ പിറന്നവരും നന്നാവണമല്ലോ. അതുണ്ടായില്ല.
കെവിന്‍ എന്ന ക്രൂരനായ എന്റെ ചേട്ടനും, മെല്‍വിന്‍ എന്ന പഞ്ചാരക്കുട്ടന്‍ കസിനും കൂടെ ഇടക്കിടക്ക് ആരും കാണാതെ വീടിന്റെ പുറകിലേക്ക് പോകുമായിരുന്നു.
ഞാനും പിന്നെ ചെറിയ കസിന്‍സും പിറകെ ചെന്നാല് ഞങ്ങളെ ചീത്ത പറഞ്ഞ് ഓടിക്കും.
ഞങ്ങള് പേടിച്ചോടും, ആ ചെകുത്താന്മാര്‍ക്ക് ബോധമില്ലെന്ന് വെച്ച്!
പക്ഷേ, എന്റെ ഉള്ളിലെ മറ്റേ ആകാംക്ഷാകുതുകിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.
ഇവറ്റകളുടെ പരിപാടി എന്താണെന്നറിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
അങ്ങനെ പിറ്റേ ദിവസം തെണ്ടിപ്പിള്ളേരെഴുന്നേറ്റ കൂട്ടത്തില്‍ ഞാനും ഒന്നുമറിയാത്തത് പോലെ എഴുന്നേറ്റു. അവര് പല്ല് തേപ്പും അപ്പിയിടലും ഒക്കെ കഴിഞ്ഞ് പാടത്തിലേക്കിറങ്ങി. കൈയില്‍ എന്തൊക്കെയോ സാമഗ്രികളും ഉണ്ട്.
ഉറക്കപ്പിച്ചിലായിരുന്നത് കൊണ്ട് എനിക്കതെന്താണെന്ന് മനസ്സിലായതുമില്ല.
അവര്‍ പാടത്തിലിറങ്ങി എന്തോ തപ്പി നടക്കുന്ന സമയത്ത്, ഞാനിപ്പുറത്ത് മതിലിന് താഴെ പതുങ്ങിയിരുന്നു.
അവിടെയാകുമ്പോള്‍ ആരെങ്കിലും കണ്ടാലും ഞാന്‍ മൂത്രമൊഴിക്കാന്‍ ഇരിക്കുന്നതാണെന്നേ കരുതൂ.
ബിക്കോസ്..ദാറ്റ് വോസ് മൈ ഫെവറിറ്റ് സ്‌പേയ് ഫോര്‍ സൂ സൂ. ആകാശമൊക്കെ കണ്ടിങ്ങനെ ഇരിക്കാലോ.
ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ശരിക്കും ഞാനവിടെ മുള്ളാനിരുന്നു. എണീറ്റപാടേ നേരേ ഇങ്ങോട്ടാണല്ലോ വന്നത്. തിരക്കിനിടയില്‍ മുള്ളാനൊക്കെ മറന്നു പോയിരുന്നു.
ഇതാകുമ്പോള്‍ അങ്കോം കാണാം, താളീമൊടിക്കാം.
അത് പോട്ടെ.
പാടമായ പാടമെല്ലാം അരിച്ച് പെറുക്കിയ തെണ്ടിപ്പിള്ളേര് മതില് ചാടി ഇപ്പുറത്തേക്ക് ഒറ്റ ചാട്ടം.
പാതിക്ക് വെച്ച് ബ്രേക്കിട്ട മൂത്രവും പൊത്തി പിടിച്ച് ഞാന്‍ ചെടികളുടെ ഇടയിലേക്കും ഒറ്റ ചാട്ടം.
അവിടെ ഞാന്‍ പതുങ്ങി.
കെവിനും മെല്‍വിനും കൂടെ കുനുകുനാന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എത്രയൊക്കെ ചെവി നീട്ടി പിടിച്ചിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല.
അപ്പാപ്പന്റെ ചെവിയില് വെക്കുന്ന കുന്ത്രാണ്ടം ഞാനെടുത്ത് എന്റെ ചെവിയില്‍ വെച്ചിരുന്നേല് എല്ലാം കേള്‍ക്കാമായിരുന്നു. ഇനിയിപ്പോ പോയ ബുദ്ധി ആന കുത്തിയാലും തിരിച്ച് കിട്ടില്ലല്ലോ.
തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഞാന്‍ പതുങ്ങി പതുങ്ങി ചെന്ന് അലക്ക് കല്ലിന്റെ സൈഡില്‍ ഇരുന്ന് എത്തിച്ച് നോക്കി.
ആഹ് ഇപ്പോ കറക്ട് വ്യൂ കിട്ടുന്നുണ്ട്.
കേള്‍ക്കാനും പറ്റുന്നുണ്ട്.
കെവിന്‍: എനിക്ക് തവള.
മെല്‍വിന്‍: എനിക്ക് ഓന്ത്.
ഞാന്‍ (തിങ്കിങ്ങ്).
ഇതെന്ത് കളി! തവളയും ഓന്തുമായിട്ടുള്ളൊരു കളി എനിക്കറിയില്ല. എന്നാലതൊന്ന് കണ്ടിട്ടന്നെ.
ഞാന്‍ പിന്നേയും ഏന്തി വലിഞ്ഞ് നോക്കി.
ഹോ അവിടെ ഞാന്‍ കണ്ട കാഴ്ച!
തവളയേയും ഓന്തിനേയും നൂല്‍ബന്ധമില്ലാതെ ഓരോ മരത്തടിയില്‍ കുരിശില്‍ തറച്ചത് പോലെ കിടത്തിയിരിക്കുന്നു.
ഞാന്‍ ഇത്തിരി കൂടെ പതുങ്ങി വന്ന് നോക്കിയപ്പോഴാണ് ശരിക്കും കണ്ടത്.
ആ പാവം ജീവികളെ കൈയിലും കാലിലും ആണിയടിച്ച് മലര്‍ത്തി കിടത്തിയിരിക്കുകയാണ്
പിന്നെ എല്ലാം ശടപടേ എന്നായിരുന്നു. കെവിനും മെല്‍വിനും ഒരു ബോക്‌സില്‍ നിന്നും കത്തി, കത്രിക, പഞ്ഞി, എന്തോ ഒരു മരുന്ന് എന്നിവ എടുത്ത് പുറത്ത് വെച്ചു.
കെവിന്‍: ആദ്യം നീ.
മെല്‍വിന്‍: നീ ആദ്യം.
പിന്നെ കോറസ്സായി രണ്ട് പേരും: ഒരുമിച്ച് ചെയ്യാം.
രണ്ട് പേരും കത്തി കൈയിലെടുത്ത് തവളയുടേയും ഓന്തിന്റേയും നെഞ്ചത്ത് വെച്ച് പരസ്പരം നോക്കി.
എനിക്ക് പെട്ടെന്ന് അവിടം ഒരു ഓപ്പറേഷന്‍ തിയേറ്ററായി തോന്നിച്ചു.
Dr. കെവിന്‍: എടാ ആദ്യം നെഞ്ചില്‍ നിന്നും വയറിലോട്ട് മുറിക്കണം. എന്നിട്ട് പതുക്കെ ആ തൊലിയങ്ങ് രണ്ട് വശത്തേക്കും ആക്കണം.
Dr. മെല്‍വിന്‍: തൊലിയിലും ആണി അടിക്കണം.
Dr. കെവിന്‍: എന്നിട്ട് വേണം ഇവര്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് ശ്രദ്ധിച്ച് നോക്കാന്‍.
പാവം തവളയും ഓന്തും പേടിച്ച് വിറച്ച് പ്രാര്‍ത്ഥിച്ച് കിടക്കുന്നു.
എന്റെ കൈയും കാലും വിറച്ചിട്ട് തലയും കറങ്ങാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ പൊട്ടന്മാര്‍ ഇപ്പോള്‍ അവറ്റകളെ കൊല്ലും.
ആരേയും വിളിക്കാനുള്ള സമയം ഒന്നുമില്ല. അപ്പോള്‍ തോന്നിയ ബുദ്ധിക്ക് ഞാനൊരൊറ്റ കരച്ചിലങ്ങ് വെച്ച് കൊടുത്തു.
ഡോക്ടര്‍മാര്‍ രണ്ട് പേരും ഞെട്ടി തിരിഞ്ഞപ്പോള്‍ ഞാന്‍ അലറലോടലറല്‍!
കെവിന്‍: നീ എന്തിനാടീ ഇങ്ങോട്ട് വന്നത്? കിടന്ന് കാറാതെടീ.
മെല്‍വിന്‍: ചക്കരേ, നീ എന്തിനാ മോളേ ഇങ്ങോട്ട് വന്നത്? കരയാതിരിക്ക് കുട്ടാ.
കെവിന്‍: അതന്ന്യല്ലേടാ പൊട്ടാ ഞാനിപ്പോ പറഞ്ഞത്.
കെവിന്‍ അല്ലെങ്കിലും ഒരു ക്രൂരനും മെല്‍വിന്‍ ഒരു ലോലനും ആയിരുന്നു.
തവളയേയും ഓന്തിനേയും നോക്കി കരച്ചിലടക്കി ഞാനവരോട് പറഞ്ഞു : നിങ്ങളിതെന്താ ഈ കാട്ടണേ?
കെവിന്‍: ഇത് ഞങ്ങളുടെ ലാബ് ആണ്.
ഞാന്‍: ന്ന്വെച്ചാല്?
കെവിന്‍: ഇവിടെയാണ് ഞങ്ങളുടെ പരീക്ഷണ സ്ഥലം ന്ന്.
ഞാന്‍: എന്തൂട്ട് പരീക്ഷ? പരീക്ഷ സ്‌കൂളിലല്ലേണ്ടാവാ?
മെല്‍വിന്‍: എടി നിനക്കതൊന്നും പറഞ്ഞാ മനസ്സിലാവില്ല. ചക്കര അകത്തേക്ക് പൊക്കോ. ആരോടും പറയണ്ടാ ട്ടാ ഈ കാര്യം.
ഞാന്‍ തവളയുടേയും ഓന്തിന്റേയും മുഖത്തേക്ക് നോക്കി.
അവറ്റകള്‍ എന്നെ നോക്കി ‘രക്ഷിക്ക് രക്ഷിക്ക്’ എന്ന് പറയുന്നത് പോലെ തോന്നി.
രക്ഷിച്ചേ പറ്റൂ..!
ഈ പിശാശുക്കളുടെ ഇടി കിട്ടിയാലും വേണ്ടില്ല, തവളയേയും ഓന്തിനേയും ഒന്നിച്ച് രക്ഷിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
‘എന്തിനാടാ ദുഷ്ടന്മാരേ ആ പാവങ്ങളെ ഇങ്ങനെ ചെയ്യണെ? വേദനയെടുക്കില്ലേ?’
ഞാന്‍ ചോദിച്ചത് കേട്ട് അവര്‍ക്കൊരു കൂസലും ഉണ്ടായില്ല.
പക്ഷേ, എന്റെ അലര്‍ച്ചയും ബഹളവും കേട്ട് വീട്ടിലുള്ളവരും അപ്പുറത്തെ വീട്ടിലുള്ളവരും എല്ലാം ഓടിയെത്തി.
അവരെല്ലാവരോടും ഇവന്മാരുടെ ക്രൂരത ഞാന്‍ പറഞ്ഞ് കാണിച്ച് കൊടുത്തു.
അപ്പാപ്പന്‍ വടിയൊടിക്കുന്നത് കണ്ട് കെവിനും മെല്‍വിനും മതില് ചാടി ഓടി. പോകുന്ന പോക്കില് ‘നിനക്ക് ഞങ്ങള് തരാടീ’ എന്നൊരു അശരീരി കേട്ടു ഞാന്‍.
അങ്ങനെ ഞാന്‍ ആ പാവം തവളയേയും ഓന്തിനേയും ആണിയൊക്കെ മാറ്റി പാടത്തിലേക്ക് വിട്ടു.
എന്നെ അവര് ഇനി എന്നും നന്ദിയോടെ ഓര്‍ക്കും എന്ന് ഞാന്‍ വിചാരിച്ചു.
പക്ഷേ, അവര്‍ക്ക് പകരം കെവിനും മെല്‍വിനും ദിവസവും നല്ല പോലെ ഓര്‍ത്തു. എന്നെ കാണുമ്പോഴൊക്കെ ചവിട്ടിക്കൂട്ടാനും തുടങ്ങി.
ഒരു ദിവസം ഞാന്‍ മെല്‍വിനോട് ചോദിച്ചു, ‘നിങ്ങളെന്ത് പരീക്ഷണമാ അന്ന് ചെയ്‌തോണ്ടിരുന്നെ?’
‘എടീ, ഞങ്ങള് തവളേടെ ഹൃദയം എടുത്ത് ഓന്തിന് വെക്കാനായിരുന്നു പ്ലാന്‍. ഓന്തിന്റെത് തവളക്കും..!’ – മെല്‍വിന്‍ നിരാശയോടെ പറഞ്ഞു.
‘ഹെന്തിന്’ – ഞാന്‍ ഞെട്ടി.
‘ഒരു രസം…! ലാഘവത്തോടെ പറഞ്ഞു തുടങ്ങിയ അവന്‍ അടുത്ത നിമിഷം അത് കട്ട് ചെയ്ത്, കട്ട സീരിയസായി ഇങ്ങനെ പറഞ്ഞു: അല്ലാ, ഇങ്ങനൊക്കെയല്ലേ ഓരോരുത്തര് ശാസ്ത്രജ്ഞന്മാരാവണേ’.
അത് കേട്ടപ്പോള്‍ എനിക്ക് ശരിയാണെന്ന് തോന്നി.
‘ശരിയാലേ. സോറീ ഡാ. ഞാനായിട്ട് എല്ലാം നശിപ്പിച്ചൂലേ. സോറീട്ട’- ഞാനും ആത്മാര്‍ത്ഥമായി വിഷമിച്ചു.
‘ഉം, സാരല്യ. ഇനീപ്പോ പറഞ്ഞിട്ട് കാര്യമില്ല. അടുത്ത പ്രാവശ്യം നോക്കാം. ഇതിപ്പോ ആദ്യായിട്ടൊന്നുമല്ലല്ലോ’- മെല്‍വിന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി.
എനിക്കപ്പോള്‍ ഒരു അഭിപ്രായം പറയാന്‍ തോന്നി.
‘അടുത്ത പ്രാവശ്യം നിന്റെ ഹൃദയം കെവിനും അവന്റെ പരട്ട ഹൃദയം നിനക്കും വെച്ച് നോക്കിക്കൂടെ? അതല്ലേ നല്ല പരീക്ഷണം?’
അവന്‍ എന്നെ തുറിച്ച് നോക്കി.
‘അല്ലാ, ഞാന്‍ പറഞ്ഞൂന്നേയൊള്ളൂ. എനിക്കും നമ്മുടെ വീട്ടുകാര്‍ക്ക് വേണ്ടി എന്തേലും നല്ലത് ചെയ്യണം എന്നുണ്ട് അതാടാ. വേണേ മതീ ട്ടാ’
ഇത് പാസ്റ്റ്. ഇനി കുറച്ച് പ്രസന്റിലേക്ക് വരാം.
ഒരു ദിവസം ഞാന്‍ പുലര്‍ച്ചെ നടക്കാന്‍ പോയപ്പോള്‍ റോഡില്‍ എന്തോ കിടക്കുന്നു. തലേ ദിവസം മഴ പെയ്തിരുന്നത് കൊണ്ട് നനഞ്ഞ് കുതിര്‍ന്നാണ് കിടന്നിരുന്നത്.
എന്ത് തേങ്ങയാണോ എന്നോര്‍ത്ത് അതിനെ മറികടന്ന് ഞാന്‍ നടന്നു. കുറച്ച് നടന്നപ്പോള്‍ ഒരു പിന്‍വിളി പോലെ!
ഞാന്‍ വീണ്ടും പഴയ സ്‌പോട്ടിലെത്തി കുനിഞ്ഞ് നോക്കി.
ആണ്ടെ ഒരു പാവം തടിയന്‍ തവള മലര്‍ന്ന് കിടക്കുന്നു. അതിന്റെ ശരീരത്തൂടെ ഉറുമ്പുകള്‍ ജാഥ നടത്തുന്നു.
ശ്ശോ പാവം! ചത്തുവെന്ന് തോന്നുന്നു. എന്നാലും എന്റെ മറ്റേ കുതുകി തവളയെ ഒന്ന് തൊട്ട് നോക്കി.
യ്യോ! അതിന് ജീവനുണ്ടായിരുന്നു.
രക്ഷിക്കണമല്ലോ. ഈ പയിനായിരം ഉറുമ്പുകളെ എങ്ങനെ മാറ്റും
ഞാന്‍ അവിടെ കിടന്നിരുന്ന ഒരില എടുത്ത് തവളയുടെ മേലുണ്ടായിരുന്ന ഉറുമ്പുകളെയൊക്കെ പേടിപ്പിച്ച് വിട്ടു. ഉറുമ്പുകളേയും കൊല്ലുന്നത് ശരിയല്ലല്ലോ..
സോ സൂക്ഷിച്ച് ചെയ്യണം. ഒരു ഉറുമ്പിറങ്ങുമ്പോള്‍ പത്തെണ്ണം അപ്പുറത്തൂടെ കയറും.
വെല്‍പ്ലാന്‍ഡ് ഉറുമ്പുകള്‍. ബാഹുബലിയില് പോലുമില്ല ഇമ്മാതിരി യുദ്ധ മുറകള്‍!
എന്തായാലും ഞാന്‍ ഒരു വിധം ഒക്കേത്തിനേം ഊതി പറപ്പിച്ച് വിട്ടു.
തവള എന്നേയും നോക്കി മലര്‍ന്ന് കിടക്കുന്നുണ്ട്.
”കണ്‍ഫ്യൂഷനടിപ്പിക്കാതെ. ലെറ്റ് മീ തിങ്ക് മാക്കാച്ചീ.’
അപ്പോള്‍ തോന്നിയ ബുദ്ധിക്ക് തവളയെ ഞാന്‍ കമഴ്ത്തി വെച്ചു. അത് കൈയും കാലും ഒക്കെ അനക്കി.
വാട്ട് ഈസ് നെക്സ്റ്റ്!
തലേന്ന് രാത്രി നല്ല മഴയായിരുന്നത് കൊണ്ട് അപ്പുറത്തെ സ്ഥലം ഒരു കുളം പോലെ നിറഞ്ഞ് കിടക്കുന്നത് കണ്ടു. ഇത്ര നാളും ഞാനത് ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു.
എന്തായാലും രണ്ട് പെഗ്ഗ് വെള്ളമടിച്ചാല്‍ മാക്കാച്ചിക്ക് ബോധം വരും എന്ന് എനിക്ക് തോന്നി.
അതിപ്പോ എനിക്കും അങ്ങനെയാ, വെള്ളമടിച്ചാല്‍ ഞാന്‍ സൂപ്പറാ.
ഒരു ഇലയെടുത്ത് തവളയെ അതിലാക്കി ഞാന്‍ ആ കുളത്തിലേക്ക് പതുക്കെ വിട്ടു.
തവള ഒരു താങ്ക്‌സ് പോലും പറയാതെ പോയി.
രക്ഷപ്പെട്ടല്ലോ അത് മതി.
‘ഇതിനുള്ള കൂലി എനിക്ക് കിട്ടുമായിരിക്കും അല്ലേ കര്‍ത്താവേ’
ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു.
പ്ലീസ് നോട്ട് : ഒന്നും പ്രതീക്ഷിച്ച് കൊണ്ട് ഒന്നും ചെയ്യരുത്. സ്‌നേഹിക്കുക, സഹായിക്കുക എന്തിനേയും ഏതിനേയും. കൂലി കിട്ടുകയോ കിട്ടാതിരിക്കയോ ചെയ്യട്ടെ.
ബട്ട് ദ ട്രൂത്ത് ഈസ്..
ഇന്നും നടക്കാന്‍ പോകുമ്പോള്‍ ഞാന്‍ ആ തവള താങ്ക്‌സ് പറയുന്നത് പ്രതീക്ഷിക്കാറുണ്ട്. അത് പിന്നെ ഞാന്‍ ഒരു മനുഷ്യനായി പോയില്ലേന്ന്.
ടുലുനാടന്‍ കഥകള്‍: ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!