തകർത്തടിച്ച് ജൊനസെൻ, അനായാസം ഡെൽഹി, ഗുജറാത്തിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു
ബെംഗളൂരു: 29 പന്തും ആറ് വിക്കറ്റും ശേഷിക്കെ ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. സ്കോർ- ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 127. ഡെൽഹി 15.1 ഓവറിൽ 4 വിക്കറ്റിന് 131. 32 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ജെസ് ജൊനസെനും 27 പന്തിൽ 44 റൺസെടുത്ത ഷെഫാലി വർമയുമാണ് ഡെൽഹിയുടെ വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ കൃത്യതയാർന്ന ബൗളിങ്ങുമായി ഡെൽഹി പിടിച്ചുകെട്ടി.
60 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായ ഗുജറാത്ത് ഒരുഘട്ടത്തിൽ 100 കടക്കുമോ എന്ന് സംശയിച്ചു. എന്നാൽ, ദിയന്ദ്ര ഡോട്ടിൻ (26), ഭാരതി ഫുൽമാലി (40) എന്നിവരുടെ കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. 117 റൺസിലാണ് ഇരുവരും വേർപിരിയുന്നത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശിഖ പാണ്ഡെ, മരിയാനെ കാപ്പ്, അന്നബെൽ സതർലൻഡ് എന്നിവർ ദില്ലിയെ തകർത്തു.
വിക്കറ്റ് നേടാനായില്ലെങ്കിലും പന്തെറിഞ്ഞ മലയാളി താരം മിന്നുമണി നാലോവറിൽ 21 റൺസ് വഴങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും ഡെൽഹിക്ക് സാധിച്ചു. നാലിൽ മൂന്നും തോറ്റ ഗുജറാത്ത് അവസാന സ്ഥാനത്താണ്.