റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നയാള്‍ അറസ്റ്റില്‍. ന്യൂസീലന്‍ഡ് – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാകിസ്താനിലെ വേദികളില്‍ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ വിലക്കിയിട്ടുമുണ്ട്.
ബംഗ്ലാദേശിനെതിരേ ന്യൂസീലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇയാൾ ഗ്രൗണ്ടില്‍ അതിക്രമിച്ചുകടന്നത്. ബാറ്റ് ചെയ്യുകയായിരുന്ന കിവീസ് താരം രചിന്‍ രവീന്ദ്രയുടെ അടുത്തേയ്ക്കാണ് ഓടിയടുത്തത്.
പിന്നാലെ താരത്തെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. രചിന്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടി മൈതാനത്തുനിന്ന് നീക്കുകയായിരുന്നു.
ഈ സുരക്ഷാവീഴ്ചയെ ഗൗരവത്തോടെ കാണുന്നതായും താരങ്ങളുടെയും ഒഫിഷ്യലുകളുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും പിസിബി അറിയിച്ചു.
ഏജന്‍സികള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.