തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ പിണക്കാൻ സർക്കാർ ഒരുക്കമല്ല. ഗവർണറുമായി ഏറ്റുമുട്ടിയാൽ തിരിച്ചടിയാണെന്ന് ആരിഫ് മുഹമ്മദ് ഖാനുമായുള്ള പോരിൽ നിന്ന് സർക്കാർ മനസിലാക്കിയതാണ്.
ഗവർണർക്ക് അതൃപ്തിയുണ്ടാവുന്ന ഒരു കാര്യവും സർക്കാർ ചെയ്യില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി കഴിഞ്ഞദിവസം നേരിട്ടെത്തി ഗവർണറെ കണ്ടു. മഞ്ഞുരുക്കൽ നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.
യു.ജി.സി കരടുനയത്തിനെതിരായി സർക്കാർ നടത്തിയ കൺവെൻഷനിൽ ഗവർണർക്കുണ്ടായ അതൃപ്തി പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രി രാജ്ഭവനിൽ ഓടിയെത്തിയത്.
യു.ജി.സി കരടു നയത്തിനെതിരെ സർക്കാർ നടത്തുന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലർ പിൻവലിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
യു.ജി.സിക്കെതിരായ സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ തുറന്നടിച്ചു. പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി ലീവും ഹാജരും നൽകണമെന്നും ചെലവ് സ്ഥാപനങ്ങൾ വഹിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.
ഇതും പാടില്ലെന്ന് ഗവർണർ നിലപാടെടുത്തു. തെക്കൻ സംസ്ഥാനങ്ങളുമായി ചേർന്ന് യു.ജി.സിക്കെതിരേ പോരിന് സർക്കാർ തയ്യാറെടുക്കുന്നതിന് മുന്നോടിയിട്ടാണ് കൺവെൻഷൻ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ചത്.
ഗവർണറുടെ അഭിപ്രായത്തോട് യോജിച്ച മുഖ്യമന്ത്രി, സർക്കുലർ പിൻവലിക്കാമെന്ന് അറിയിച്ചു. പിന്നാലെ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി ഗവർണറെ ഫോണിൽ വിളിച്ച് സർക്കുലർ പിൻവലിക്കുമെന്ന് അറിയിച്ചു.
എന്നാൽ സർക്കുലർ പിൻവലിച്ചില്ല. പരിപാടിയുടെ തലേന്ന് രാത്രി വൈകി സർക്കുലർ തിരുത്തുകയായിരുന്നു. സർക്കുലറിലെ വിഷയമെന്ന ഭാഗത്ത് യു.ജി.സിക്ക് എതിരെ എന്നതിനു പകരം നയത്തെക്കുറിച്ച് എന്ന കേവലമായ തിരുത്തൽ മാത്രമാണ് വരുത്തിയത്.
ഇതിൽ ഗവർണർക്ക് അതൃപ്തിയുണ്ടായി. യു.ജി.സി നയത്തെ എതിർക്കുന്ന വൈസ്ചാൻസലർമാർ മാത്രം പങ്കെടുത്താൽ മതിയെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇതോടെ മലയാളം സർവകലാശാല വി.സി ഒഴികെയുള്ളവർ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ഇതിനു പിന്നാലെയാണ് ഗവർണറെ കാണാൻ മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്.
സന്ദർശനത്തിന് ഗവർണറെ അനുനയിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. സർക്കാർ കൂടിക്കാഴ്ച രഹസ്യമായി വച്ചെങ്കിലും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഗവർണർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
താൻ നിർദ്ദേശിച്ചിട്ടും സർക്കുലർ പിൻവലിക്കാതിരുന്നതിലെ അതൃപ്തി ഗവർണർ മുഖ്യമന്ത്രിയോട് തുറന്നു പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം എഴുതി തയ്യാറാക്കിയ കുറിപ്പ് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി.
സർവകലാശാലകളിൽ സ്ഥിരം വി.സിമാരില്ലാത്തതിന്റെ പ്രശ്നങ്ങളും മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചതായാണ് സൂചന.
യുജിസിയുടെ പുതിയ നയപ്രകാരം വി.സി നിയമനത്തിൽ സർക്കാരിന് പങ്കില്ലെന്ന് ഗവർണറും മറുപടി നൽകി.
നേരത്തേ വി.സി നിയമനത്തിലടക്കം തുടർനടപടികൾ ആവശ്യപ്പെട്ട് മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും ഗവർണറെ കണ്ടിരുന്നു.
സർവകലാശാലാ വിഷയങ്ങളിൽ ഇടപെട്ട് മന്ത്രിമാർ തുടരെത്തുടരെ പ്രസ്താവനകൾ നടത്തുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ ഗവർണർ അറിയിച്ചതായും സൂചനയുണ്ട്.