തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുന:സംഘടനാ കാഹളം വീണ്ടുമുയരുമ്പോൾ ജംബോക്കമ്മിറ്റി വേണ്ടെന്ന വാദം ശക്തമാവുന്നു.
പാർട്ടിയെ ചലനാത്മകമാക്കാൻ ജംബോക്കമ്മിറ്റിക്ക് കഴിയില്ലെന്നും ഭാരവാഹികൾ കൂടുതലായാൽ കെ.പി.സി.സിക്ക് ഫലപ്രദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനാവില്ലെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
നിലവിൽ 21 ജനറൽ സെക്രട്ടറിമാരാണ് കെ.പി.സി.സിക്കുള്ളത്.
അവരിൽ നിന്നും പ്രവർത്തന മികവില്ലാത്തവരെ ഒഴിവാക്കി പുതിയ ആളുകളെ ഉൾപ്പെടുത്തുന്നതിനൊപ്പം ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാരെന്ന നിലയിൽ 42 കെ.പി.സി.സി സെക്രട്ടറിമാരെയും നിയമിക്കണമെന്നാണ് ഉയരുന്ന വാദം.
സംസ്ഥാനത്ത് നിന്നുള്ള ചില മുതിർന്ന നേതാക്കൾ കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി വേണമെന്ന ആശ്യമുയർത്തുന്നുണ്ട്.
നൂറിലധികം സെക്രട്ടറിമാർ വേണമെന്നതാണ് അവരുടെ ആവശ്യം. അങ്ങനെ കമ്മിറ്റി രൂപീകരിക്കപ്പെട്ടാൽ കെ.പി.സി.സി യോഗത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ പോലും എല്ലാവർക്കുമാവില്ല.
അതുകൊണ്ട് തന്നെ സംഘടനാ തീരുമാനങ്ങൾ ഏതാനും ചിലരിലേക്ക് ചുരുക്കപ്പെടുകയും വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താതെ പോവുകയും ചെയ്യും.
വി.എം സുധീരൻ, മുല്ലപ്പള്ളി എന്നിവർ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നപ്പോഴുള്ള ജംബോ കമ്മിറ്റി ഇനി വേണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
ഏതെങ്കിലും മുതിർന്ന നേതാക്കളുടെ ശുപാർശയിൽ ഭാരവാഹിയായുള്ള അക്കൊമഡേഷൻ രീതിയല്ല വേണ്ടെതന്നും പ്രവർത്തനമികവിലൂടെ വരുന്നവരെ നേതാക്കൾ കണ്ടെത്തി ശുപാർശ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
തിരുവനന്തപുരമടക്കമുള്ള ഡി.സി.സികളെ ചലനാത്മകമാക്കണമെങ്കിൽ കാലോചിതമായ നേതൃതവം വേണമെന്ന വാദമാണ് ജില്ലാതലത്തിലും യുവാക്കൾ വരണമെന്ന വാദത്തിന് വഴിയൊരുക്കുന്നത്.
ജില്ലാക്കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളും പരിമിതപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മാറ്റം സംബന്ധിച്ച് ചർച്ചകളിലൂടെയാവും തീരുമാനമെടുക്കുക.
മാർച്ചിന് ശേഷം നടക്കാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഭാരവാഹികളടങ്ങുന്ന കെപി.സി.സി ചുമതലയേൽക്കുന്ന തരത്തിലാവും പുന:സംഘടന നടക്കുക.