കോട്ടയം: പ്രിയ നേതാവിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെങ്കിലും കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.വി റസലിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലേക്കു കടന്നു സി.പി.എം. നേതൃത്വം.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളില്‍ നിന്നാകും സെക്രട്ടറിയെ കണ്ടെത്തുക. അഞ്ചു പേരുകളാണു നേതൃത്വം സജീവമായി പരിഗണിക്കുന്നത്. കെ.എം.രാധാകൃഷ്ണന്‍, ടി.ആര്‍ രഘുനാഥന്‍, പി.കെ ഹരികുമാര്‍, അഡ്വ.റെജി സഖറിയ, അഡ്വ. കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണു പാര്‍ട്ടിക്കുള്ളില്‍ നിന്നു ഉയര്‍ന്നു വരുന്നത്.
സംസ്ഥാന സമ്മേളനം അടുത്തതിനാലും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തേണ്ടതിനാലും തീരുമാനം വൈകാതെയുണ്ടാകും. മാര്‍ച്ച് ഒന്നിനു ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാകും തീരുമാനം. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുക്കുന്നുണ്ട്.
മന്ത്രി വാസവന്റെ അഭിപ്രായവും ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. റസലിനെപ്പോലെ വാസവനുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളാണ് കെ.എം രാധാകൃഷ്ണനും ടി.ആര്‍ രഘുനാഥനും. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നതും ഇവര്‍ ഇരുവര്‍ക്കുമാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുസമ്മതരായ നേതാക്കളാണ് ഇരുവരും.
റസലിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു രഘുനാഥന്‍. എല്‍.ഡി.എഫിലെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വവുമായി മികച്ച ബന്ധമാണ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറികൂടിയായ ടി.ആര്‍ രഘുനാഥനുള്ളത്. മികച്ച സംഘടനാ പാടവം ഉള്ള നേതാവാണ് രഘുനാഥന്‍. ഇതേ ഘടകകങ്ങള്‍ രാധാകൃഷ്ണനും അനുകൂലമാണ്.
മന്ത്രി വാസവനോട് കേരളാ കോണ്‍ഗ്രസ് എമ്മിന് അത്ര പ്രതിപത്തി പോര. അതിനൊപ്പം ജില്ലാ സെക്രട്ടറി കൂടി അവര്‍ക്ക് സ്വീകാര്യനായില്ലെങ്കില്‍ അത് മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം. കോട്ടയത്ത് ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചത് റസല്‍ ആയിരുന്നു.
അഡ്വ. പി.കെ. ഹരികുമാര്‍, അഡ്വ. റെജി സഖറിയ എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാല്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനില്‍കുമാറിനും സാധ്യതയുണ്ട്. അനില്‍കുമാറിനോടും കേരളാ കോണ്‍ഗ്രസ് എമ്മിന് വലിയ അടുപ്പം തന്നെ.
സി.പി.എം ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ 14 ജില്ലകളില്‍ ഒരിടത്തും നായര്‍ സമുദായത്തിനു പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. റസല്‍ ഈഴവ വിഭാഗത്തില്‍ നിന്നായിരുന്നെങ്കിലും മറ്റു ജില്ലകളില്‍ ഈഴവ പ്രാതിനിധ്യമുള്ളതിനാല്‍ കോട്ടയത്തെ പുതിയ സെക്രട്ടറി നായര്‍ സമുദായത്തില്‍ നിന്നായാലും അത്ഭുതമില്ല. ഇതാണ് കെ.എം.രാധാകൃഷ്ണന്‍, പി.കെ.ഹരികുമാര്‍, ടി.ആര്‍.രഘുനാഥന്‍, അനില്‍കുമാര്‍ എന്നിവര്‍ക്ക് അനുകൂലമാകുന്നത്.
ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയില്‍ നിന്ന് അതേ സമുദായക്കാരനായ അഡ്വ.റെജി സഖറിയയെ പരിഗണിച്ചേക്കാം. സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സഭകളില്‍ ഒന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. റെജി സഖറിയയെ സെക്രട്ടറിയാക്കുന്നതിലൂടെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ അനുനയിപ്പിക്കാനും സാധിക്കും.