തിരുവനന്തപുരം: കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയ്ക്ക് 24 വർഷം തികഞ്ഞപ്പോഴാണ് തലസ്ഥാനത്ത് വീണ്ടുമൊരു കൂട്ടക്കൊല.
2001 ജനുവരി ആറിനാണ് ആലുവയിലെ പൈപ്പ് ലൈൻ റോഡിനോട് ചേർന്നുള്ള മാഞ്ഞൂരാൻ വീട്ടിലെ മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്‌റ്റിന്റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (42) എന്നിവർ കൊല്ലപ്പെട്ടത്.
വധശിക്ഷയ്ക്ക് വിധിച്ച പ്രതി ആന്റണിക്ക് ശിക്ഷായിളവ് കിട്ടി. ആളെയും കൂലിയും നിശ്ചയിച്ച്, തൂക്കിലേറ്റാൻ കഴുമരവും ബലപ്പെടുത്തി ബ്ലാക്ക് വാറണ്ടും കാത്തുകിടന്ന ഇരുളറയിൽ നിന്നാണ് ആന്റണി കൊലക്കയറൂരി ജീവിതത്തിലേക്ക് മടങ്ങിവന്നത്.
2015ഏപ്രിലിൽ രാഷ്ട്രപതി ദയാഹർജി തള്ളിയതിനെത്തുടർന്ന് ശിക്ഷനടപ്പാക്കാനുള്ള ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കുന്ന ഘട്ടംവരെയെത്തിയിരുന്നു.
വിചാരണക്കോടതിയാണ് വധശിക്ഷ നടപ്പാക്കാനുള്ള ഔദ്യോഗികഅറിയിപ്പായ ബ്ലാക്ക്‌വാറണ്ട് പുറപ്പെടുവിക്കേണ്ടത്.
ആന്റണിക്ക് വധശിക്ഷ വിധിച്ച എറണാകുളം സി.ബി.ഐ കോടതി പ്രത്യേക കോടതിയായതിനാൽ സെഷൻസ് കോടതിയുടെ അധികാരമില്ലെന്ന നിയമക്കുരുക്കാണ് ബ്ലാക്ക്‌വാറണ്ട് വൈകിച്ചത്.
ജില്ലാ സെഷൻസ് കോടതിക്ക് ബ്ലാക്ക്‌വാറണ്ട് പുറപ്പെടുവിക്കാനുള്ള പ്രത്യേക അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിനിടെ, ആന്റണിയുടെ കുടുംബം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകുകയായിരുന്നു.
ദയാഹർജി തള്ളിയതോടെ പൂജപ്പുര സെൻട്രൽജയിലിൽ വധശിക്ഷ നടപ്പാക്കാൻ ഒരുക്കം തുടങ്ങിയിരുന്നു.
പിന്നീട് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് വധശിക്ഷ ജീവപര്യന്തമായി ഇളവുനൽകി. അടുത്തിടെ ആന്റണി പുറത്തിറങ്ങി.
അഗസ്റ്റിന്റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയാണ് കൊലപാതകം നടത്തിയത്. നഗരസഭയിൽ താത്‌കാലിക ഡ്രൈവറായിരുന്നു ആന്റണി.
ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലായിരുന്നു ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
വിദേശത്ത് ജോലിക്കുപോകാൻ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ല.
ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തിയത്. ലോക്കൽ പൊലീസ് മുതൽ സിബിഐ വരെ വിവിധ ഏജൻസികൾ അന്വേഷിച്ച കേസാണിത്.
2005 ഫെബ്രുവരി 2ന് അന്നു സിബിഐ ജഡ്ജി ആയിരുന്ന ജസ്റ്റിസ് ബി. കെമാൽ പാഷയാണ് ആന്റണിക്കു വധശിക്ഷ വിധിച്ചത്.
അഗസ്‌റ്റിൻ, ബേബി എന്നിവരുടെ ജഡങ്ങൾ കിടന്നതിനു സമീപം ചുവരിൽ രക്‌തംകൊണ്ട് അമ്പടയാളം വരച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നും തലേദിവസം രാത്രിയാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നു മനസിലായി.
ആറുപേരുടെ കൊലപാതകം അതോടെ വലിയ ചർച്ചയായി. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്‌റ്റിൻ.
കൂട്ടക്കൊലയ്‌ക്കു ശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്‌ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തിരുന്നു.
ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന് അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്.
പക്ഷേ, സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി.
സിഐ ചന്ദ്രാക്ഷൻ അവിടെ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി.
കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു.
തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി. ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യക്ക് അന്ന് ഇല്ലാതിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല.
പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിൽ ഒരു മിനി ടെലിഫോൺ എക്‌സ്‌ചേഞ്ച് സജ്‌ജീകരിച്ചു.
ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു.
തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്‌ട് ചെയ്‌തു.
സി.ഐ.ബി ശശിധരനും ഡിവൈഎസ്പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്‌മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ട് കാര്യങ്ങൾ മനസിലാക്കി.
ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്‌നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്‌ഥാനത്തിൽ സൗദിയിലെ സ്‌പോൺസർ ആന്റണിയെ കയറ്റി വിടാൻ തയാറാകുകയായിരുന്നു.
തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.
പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി.
ഫെബ്രുവരി 11 മുതൽ 17 വരെ തീയതികളിൽ ആന്റണിയെ അജ്‌ഞാത കേന്ദ്രത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്തു. ഫെബ്രുവരി 18നു കാലടി പ്ലാന്റേഷൻ കോർപറേഷൻ ഗസ്‌റ്റ് ഹൗസിൽ വച്ച് ആന്റണിയുടെ അറസ്റ്റു രേഖപ്പെടുത്തി.
പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പലകള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.
കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി.
ആലുവ നഗരസഭ ഓഫിസിൽ താൽക്കാലിക ഡ്രൈവറായിരുന്ന ഇയാൾക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു.
അതു നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയ്‌ക്കു കാരണമെന്നാണു പൊലീസ് കണ്ടെത്തിയത്.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, ഒടുവിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ – ഈ മൂന്ന് അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങളും സമാനമായിരുന്നു.
6 പേരെ കൊലപ്പെടുത്തിയത് ഒരാൾ ഒറ്റയ്ക്ക്. തെളിവുകൾ മുഴുവൻ ആന്റണിക്കു പ്രതികൂലം. കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസിയാണ് ആന്റണി.
കൊല്ലപ്പെട്ട 6 പേരിൽ ഒരാൾ മാത്രമായിരുന്നു ആന്റണിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്ന മുതിർന്ന പുരുഷൻ. മറ്റ് 5 പേരിൽ 3 സ്ത്രീകളും 2 കുട്ടികളും. വീടിനുള്ളിൽ പതിയിരുന്ന് അപ്രതീക്ഷിതമായി അക്രമിച്ചതോടെ ആർക്കും ആന്റണിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
കൊല്ലപ്പെട്ട കൊച്ചുറാണി, ബന്ധുകൂടിയായ പ്രതി ആന്റണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു.
ജോലി തേടി വിദേശത്തു പോകാനുള്ള തുക നൽകാമെന്ന വാക്കു കൊച്ചുറാണി പാലിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് അവരെ അടിച്ചു വീഴ്ത്താനും പേനാക്കത്തികൊണ്ടു പ്രത്യാക്രമണം നടത്തിയപ്പോൾ കൊലപ്പെടുത്താനും കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്.
കൊച്ചുറാണിയെ കൊല്ലുന്നതു കണ്ട അമ്മ ക്ലാരയെയും വകവരുത്തി. അഗസ്റ്റിനും ഭാര്യ മേരിയും 2 കുഞ്ഞുങ്ങൾക്കൊപ്പം അന്നു സിനിമയ്ക്കു പോവുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു.
മടങ്ങിവരുമ്പോൾ കൊലപാതകത്തിൽ ആദ്യം സംശയിക്കുമെന്നതു തന്നെയാണ് സിനിമ കഴിഞ്ഞ് അവർ മടങ്ങിവരാൻ കാത്തിരുന്നതും കൊലപ്പെടുത്തിയതും.