കോട്ടയം: കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്‌കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ.

കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്‌കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും ആവശ്യമെങ്കിൽ വേണ്ട കൗൺസലിങ് നൽക്കുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഏർപ്പാടക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
കുടുംബവഴക്കുകൾ  കുട്ടികളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നുവെന്ന്  കമ്മീഷന്റെ മുന്നിലെത്തിയ പരാതികളിലൂടെ ബോധ്യപ്പെട്ടുവെന്നും വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടു.  

വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും പങ്കെടുത്ത സിറ്റിങ്ങിൽ 79 പരാതികൾ പരിഗണിച്ചു.

പത്തെണ്ണം പരിഹരിച്ചു. ഏഴ് പരാതിയിൽ റിപ്പോർട്ട് തേടി. പുതിയതായി നാല് പരാതി  സ്വീകരിച്ചു. 62 പരാതികൾ അടുത്ത സിറ്റിങിലേക്ക്  മാറ്റി. അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *