കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കില്‍ക്കെനി മലയാളി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയായ അനീഷ് ശ്രീധരൻ (38) കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ കിൽക്കെനി ടൗണിൽ വച്ചാണ് സംഭവം. ചൊവ്വാഴ്ച കുടുംബമായി നാട്ടിൽ പോകാൻ ഇരിക്കെയാണ് അനീഷിന്റെ ആകസ്മിക മരണം.
അയർലണ്ടിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തിരുന്ന അനീഷ്, യാത്രയ്‌ക്ക് മുമ്പ് കൂട്ടുകാരെ കണ്ട് യാത്ര പറയാന്‍ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരു കടയുടെ മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാരാമെഡിക്കൽ സംഘം എത്തി അത്യാഹിത ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് വർഷം മുമ്പ് അയർലണ്ടിലെത്തിയ അനീഷ്, കിൽക്കെനി മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അനീഷിന്റെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അനീഷിന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിൽക്കെനിയിൽ പൊതുദർശനത്തിന് ശേഷമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂ. അതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും, അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലെ നഴ്സായ ജ്യോതി ആണ് ഭാര്യ. ശിവാന്യ (8) സാദ്വിക് (10 മാസം) മക്കളാണ്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം അനീഷിന്റെ സംസ്കാരം നാട്ടിൽ നടത്തും.