ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ?; ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ആരാകും ഇന്ത്യയുടെ എതിരാളികൾ; സാധ്യതകള്‍ ഇങ്ങനെ
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ വീഴ്ത്തിയതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലന്‍ഡും സെമിയിലെത്തിക്കഴിഞ്ഞു. ഇതോടെ മാര്‍ച്ച് രണ്ടിന് നടക്കുന്ന ഗ്രൂപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലം അപ്രസക്തമായി. പാകിസ്ഥാനും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് എയില്‍ നിന്ന് സെമി കാണാതെ പുറത്തായ ടീമുകള്‍.
ഈ സാഹചര്യത്തില്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികളാരായിരിക്കുമെന്ന് നോക്കാം. ഗ്രൂപ്പ് എയില്‍ രണ്ട് കളികളില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്‍റ് വീതമാണുള്ളത്. ഇന്ത്യ-ന്യൂസിലന്‍ഡ് അവസാന മത്സരമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡ്(+0.863) ഇന്ത്യയെക്കാള്‍(+0.647) മുന്നിലാണ്. അവസാന മത്സരത്തില്‍ ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് ചാമ്പ്യൻമാരെന്നതിനാല്‍ നെറ്റ് റണ്‍റേറ്റിന് ഇനി പ്രസക്തിയില്ല.
അവരൊക്കെ കളിച്ചിടത്തോളം മതി, ആ 5-6 താരങ്ങളെ ഒഴിവാക്കി പാകിസ്ഥാൻ ടീം ഉടച്ചുവാര്‍ക്കണമെന്ന് വസീം അക്രം
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലായിരിക്കും രണ്ടാം സെമി. നിലവില്‍ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതാണ്. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പോരാട്ടമാകും ഈ ഗ്രൂപ്പിലെ ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ഓരോ മത്സരം വീതം കളിച്ച് തോറ്റ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ അഫ്ഗാന് ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഇംഗ്ലണ്ടിന് അഫ്ഗാന് പുറമെ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടണം.
ഗ്രൂപ്പ് ബിയില്‍ നിന്ന് നാലു ടീമുകള്‍ക്കും ഇപ്പോഴും സാധ്യത നിലനില്‍ക്കുന്നതിനാല് ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കാനായിട്ടില്ല. മൂന്ന് ടീമുകള്‍ രണ്ട് കളി വീതം ജയിക്കുന്ന സാഹചര്യമായാല്‍ നെറ്റ് റണ്‍റേറ്റാവും ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക. നിലവില്‍ നെറ്റ് റണറേറ്റില്‍ ദക്ഷിണാഫ്രിക്ക(+2.140) ബഹുദൂരം മുന്നിലാണ്. ഓസ്ട്രേലിയ(+0.475) രണ്ടാമതുള്ളപ്പോള്‍ ഇംഗ്ലണ്ട്(-0.475) മൂന്നാം സ്ഥാനത്തും ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത തോല്‍വി വഴങ്ങിയ അഫ്ഗാന്‍(-2.140) നാലാമതുമാണ്. എതിരാളികള്‍ ആരായാലും മാര്‍ച്ച് നാലിന് ദുബായിലായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം.