ഇടുക്കി : ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അതിന്‍റെ സി.എസ്.ആർ. വിഭാഗമായ പരിവർത്തനു കീഴിൽ, ഇടുക്കി ജില്ലയിലെ പത്ത് ഗ്രാമങ്ങളിൽ സമഗ്രമായ ത്രിവത്സര ഗ്രാമവികസന പദ്ധതിക്ക് തുടക്കംം കുറിക്കുന്നതിനായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി (എം.എസ്.എസ്.ആർ.എഫ്.) ചേർന്നുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
ഈ സംരംഭം ലക്ഷ്യമിടുന്നത് കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, സുസ്ഥിരമായ ഉപജീവനമാർഗ്ഗം പ്രോത്സാഹിപ്പിക്കുക, മേഖലയിലെ ഗ്രാമീണ സമൂഹങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ്.
ദേവികുളം ബ്ലോക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി ആധുനിക കൃഷി രീതികൾ, മൂല്യവർദ്ധന പ്രക്രിയകൾ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സമ്പ്രദായങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നു. മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കമ്പൂർ, വട്ടവട, കണ്ണൻ ദേവൻ ഹിൽസ്, മാങ്കുളം, ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.
കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിംഗ്), പോളിഹൗസ് കൃഷി, പച്ചക്കറികൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും മൂല്യശൃംഖലകൾ സൃഷ്ടിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഏകദേശം 2,000 ചെറുകിട കർഷകരെ അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം.
വിപണി ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനും പുറമേ, പ്രോജക്ട് അഞ്ച് സ്കൂളുകളെ “സ്മാർട്ട് സ്കൂളുകളാക്കി” മാറ്റുകയും 40 അങ്കണവാടി കേന്ദ്രങ്ങൾ നവീകരിക്കുകയും ചെയ്യും.
100 സൗരോർജം തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലൂടെ സുസ്ഥിര പ്രകൃതിവിഭവ മാനേജ്മെന്‍റിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ പുതിയ ഉപജീവന അവസരങ്ങൾ നൽകുന്നതിനായി കൃഷിയെ പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസവുമായി സംയോജിപ്പിച്ച് ഫാം ടൂറിസം അവതരിപ്പിക്കുകയും ചെയ്യുന്നു.