കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) ആണ് പിടിയിലായത്.
മലപ്പുറത്തു നിന്നും കോഴിക്കോട്ടേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡിഎംഎയുമായിട്ടാണ് രാമനാട്ടുകരയിൽ വെച്ച് ശ്രാവൺ പിടിയിലായത്.
ശ്രാവണെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോഖ് എസ്ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്.
കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ശ്രാവൺ. രാമനാട്ടുകര, ഫറോഖ് എന്നീ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന.
ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചു കൊടുക്കുന്നത്.