ഹിമാനികൾക്ക് ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂള്‍ നിറയ്ക്കാനാവശ്യമായ ഐസ് നഷ്‍ടമാകുന്നു! പഠനം

പാരീസ്: 2000-ത്തിന് ശേഷമുള്ള ഹിമശോഷണത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. ലോകത്തിലെ ഹിമാനികൾ ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂളുകൾ നിറയ്ക്കാൻ ആവശ്യമായ ഐസ് നഷ്ടപ്പെടുത്തുന്നുവെന്നും 2000നും 2023നും ഇടയിൽ ഓരോ വര്‍ഷവും ഭൂമിയിലെ ഹിമാനികളിൽ നിന്നും ശരാശരി 300 ബില്യൺ ടൺ (273 ബില്യൺ മെട്രിക് ടൺ) ഐസ് നഷ്ടപ്പെട്ടു എന്നും നേച്ചര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ച് (CNRS) ആണ് ഗവേഷണം നടത്തിയത്. ഈ ഐസ് നഷ്ടം സമുദ്രനിരപ്പ് ത്വരിതഗതിയിൽ ഉയരാൻ കാരണമാകുന്നതായും ശുദ്ധജല ശേഖരം നഷ്ടപ്പെടുത്തുന്നതായും ഉപഗ്രഹ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശകലനം ചൂണ്ടിക്കാട്ടുന്നു. 

ഹിമാനികളുടെ നഷ്ടം സമുദ്രനിരപ്പ് വര്‍ധിക്കുന്നത് ത്വരിതപ്പെടുത്തിയതായി ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ചിന്‍റെ പഠത്തില്‍ പറയുന്നു. 2000-നും 2023-നും ഇടയിലുള്ള ഡാറ്റ വ്യക്തമാക്കുന്നത് മഞ്ഞുരുകൽ കാരണം ആഗോള സമുദ്രനിരപ്പിൽ ഏകദേശം 2 സെന്‍റീമീറ്റർ (0.7 ഇഞ്ച്) വർധനവുണ്ടായി എന്നാണ്. സമീപവര്‍ഷങ്ങളിലെ മഞ്ഞുരുകലാണ് ഗവേഷകര്‍ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചത്. യൂറോപ്പിലെ ആൽപ്‌സിലും പൈറീനീസ് പർവതനിരകളിലും ഹിമാനികൾ വളരെയധികം ഉരുകിയതായി പഠനം വെളിപ്പെടുത്തി, പഠന കാലയളവിൽ രണ്ട് പ്രദേശങ്ങളിലും ഹിമാനികളുടെ അളവിൽ 40 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ രേഖപ്പെടുത്തി. 

രണ്ട് പതിറ്റാണ്ടുകളായി നിരവധി യുഎസ്, ജർമ്മൻ, യൂറോപ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ച നിരീക്ഷണ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ. ആഗോളതലത്തിൽ ഹിമാനികളെ നിരീക്ഷിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ചില ഉപഗ്രഹങ്ങളില്‍ നിന്നും പഠനത്തിനായി ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. സൂറിച്ച് സർവകലാശാലയിലെയും സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 35 ഗവേഷണ സംഘങ്ങള്‍ ചേര്‍ന്ന് ഈ വിവരങ്ങള്‍ വിശകലനം ചെയ്തു. 

Read more: ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടും കുറഞ്ഞെന്ന് നാസ; അപ്പോഴും ആശങ്ക

ലോകത്തിന്‍റെ വിവിധയിടങ്ങളിലായി ഉരുകിയ ഹിമത്തിന്‍റെ അളവും പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അന്‍റാർട്ടിക്കയിലെ രണ്ട് ശതമാനം മുതൽ മധ്യ യൂറോപ്പിലെ 39 ശതമാനം വരെ മഞ്ഞുരുകല്‍ തീവ്രമായതായി റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിലൻഡിന് 29 ശതമാനവും പടിഞ്ഞാറൻ കാനഡ, യുഎസ് എന്നിവയ്ക്ക് 23 ശതമാനവും ഐസ് നഷ്‍ടപ്പെട്ടു എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ഭൂമിക്ക് നഷ്ടമായത് ആകെ അഞ്ച് ശതമാനം ഹിമപാളികളാണ്. 

ഒരു വ്യക്തിക്ക് ഒരു ദിവസം മൂന്ന് ലിറ്റർ ശുദ്ധജല ഉപഭോഗം എന്ന രീതിയില്‍ കണക്കാക്കിയാല്‍, ഭൂമിയിലെ മനുഷ്യര്‍ക്കെല്ലാം 30 വര്‍ഷക്കാലം ഉപയോഗിക്കാന്‍ കഴിയുന്നത്ര ജലമാണ് ഹിമാനികള്‍ ഉരുകിയതിലൂടെ ഒരു വര്‍ഷവും നഷ്ടമായ 273 ബില്യൺ ടൺ ഐസ് എന്ന് പഠനത്തിന് നേതൃത്വം നൽകിയ സൂറിച്ച് സർവകലാശാലയിലെ ഗ്ലേഷ്യോളജിസ്റ്റായ മൈക്കൽ സെംപ് പറഞ്ഞു. 

ഹിമാനികളുടെ നഷ്ടം സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ ഭയാനകമാണെന്ന് എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ നോയൽ ഗോർമെലെൻ രാജ്യാന്തര മാധ്യമമായ ദി ഗാർഡിയനോട് പറഞ്ഞു. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കണക്കുകളെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഹരിതഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യുന്നത് എത്രത്തോളം പരിമിതപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും വർഷങ്ങളിൽ ഭൂമിയില്‍ നിന്ന് നഷ്ടപ്പെടുന്ന ഹിമത്തിന്‍റ് അളവ് എന്ന് ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു.

Read more: ഒരു ഭിന്നശേഷിക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കീഴടക്കും; അഗ്നിപരീക്ഷകള്‍ ജയിച്ച് ജോൺ മക്ഫാൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed