തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച്, തന്നേക്കാൾ വലിയൊരു ജനകീയൻ കേരളത്തിലിൽ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന ശശിതരൂരിന്റെ ലക്ഷ്യം ഒടുവില്‍ ബി.ജെ.പി പാളയം തന്നെയെന്ന് അഭ്യൂഹം ശക്തമാകുന്നു. 

ബിജെപി ഉന്നത നേതാക്കളുമായി ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസിൽ നിന്ന് പുറത്തേക്കുള്ള വഴി തരൂർ സ്വയം വെട്ടുന്നതെന്നാണ് സൂചന. വിദേശകാര്യ സഹമന്ത്രി സ്ഥാനം കേന്ദ്രത്തിൽ തരൂരിനായി ബി.ജെ.പി വാഗ്ദാനം ചെയ്തതായി തങ്ങൾക്ക് അറിവു കിട്ടിയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 

എന്തായാലും വിശ്വപൗരൻ എന്ന് അവകാശപ്പെടുന്ന തരൂർ, കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് ചേക്കാറാനിടയില്ലെന്നും കേരളമല്ല തരൂരിന്റെ ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഭാര്യയുടെ മരണത്തെ തുടർന്നുണ്ടായ കേസുകളിൽ നിന്ന് തരൂരിനെ ഡൽഹി പോലീസ് രക്ഷിച്ചതും, ബി.ജെ.പിയോടുള്ള തരൂരിന്റെ അനുഭാവ പൂർണമായ നിലപാടുകളുമെല്ലാം വിരൽചൂണ്ടുന്നത് തരൂരിന്റെ രാഷ്ട്രീയ കളംമാറ്റത്തിലേക്കാണ്. തരൂർ തിരുവനന്തപുരത്തെ എം.പി സ്ഥാനം രാജിവച്ച് ബിജെപിക്കായി കളത്തിലിറങ്ങുമെന്നു വരെ തലസ്ഥാനത്ത് സംസാരമുണ്ട്. 
എസ്. ജയശങ്കർ എന്ന പരിണതപ്രജ്ഞനായ വിദേശകാര്യ മന്ത്രിക്കൊപ്പം തരൂർ കൂടി സഹമന്ത്രിയായി എത്തുന്നതോടെ, ഇന്ത്യയുടെ വിദേശകാര്യ സഹകരണവും നയതന്ത്ര ബന്ധങ്ങളും അതിശക്തമാവുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. മാത്രമല്ല, തരൂരിലൂടെ കേരളത്തിൽ വൻ നേട്ടമുണ്ടാക്കാനുമാവും. 
തിരുവനന്തപുരം സീറ്റ് ഇതുവരെ ബി.ജെ.പിക്ക് കിട്ടാത്തതിന് തരൂർ എന്ന ഒറ്റക്കാരണം മാത്രമാണുള്ളത്. കഴിഞ്ഞ തവണ വിജയം ഉറപ്പിച്ച് പ്രവർത്തിച്ച രാജീവ് ചന്ദ്രശേഖരിനെ തോൽപ്പിക്കാൻ ഇടത് വോട്ടുകൾ അപ്പാടെ തരൂരിനാണ് കിട്ടിയത്. 

ബി.ജെ.പി വിരുദ്ധ തീരദേശത്തെ വോട്ടുകളും പൂർണമായി തരൂരിന് കിട്ടി. തരൂർ മറുകണ്ടം ചാടിയാൽ അതിനൊത്ത സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് വിയർക്കും. മാത്രമല്ല, വികസനവും പുരോഗതിയും വാഗ്ദാനം ചെയ്ത് മോഡിക്കൊപ്പം ചേരുന്ന തനിക്കൊരു അവസരം നൽകൂവെന്ന് തരൂർ അഭ്യർത്ഥിച്ചാൽ തിരുവനന്തപുരത്തുകാർ അദ്ദേഹത്തിന് വോട്ടുചെയ്യുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരം പിടിച്ചാൽ കേരളം മുഴുവൻ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി വിലയിരുത്തൽ. തൃശൂർ സീറ്റ് പിടിച്ച് പടയോട്ടത്തിന് ബിജെപി തുടക്കമിട്ടു കഴിഞ്ഞു. സുരേഷ് ഗോപിയേക്കാൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കടക്കം തരൂർ സ്വീകാര്യനാണ്. അതിനാൽ രാഷ്ട്രീയ പരീക്ഷണത്തിന് തരൂരിനേക്കാൾ വലിയൊരു വ്യക്തിത്വം കേരളത്തില്‍ ബിജെപിക്കില്ല. 
കേരളത്തിൽ മുഖ്യമന്ത്രി പദം മോഹിച്ചാണ് തരൂർ പാർട്ടിയിൽ കലാപം നടത്തുന്നതെന്ന് ആരും വിശ്വസിക്കുന്നില്ല. ഭരണം പിടിക്കാൻ പാർട്ടിക്ക് പുറത്തുള്ള വോട്ട് കിട്ടണമെന്നും തനിക്ക് പാർട്ടിക്ക് അതീതമായ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്ന തരൂർ ലക്ഷ്യമിടുന്നത് നിസാര പദവികളല്ലെന്ന് വ്യക്തം. 

എളുപ്പത്തിൽ കിട്ടാനിടയില്ലാത്ത മുഖ്യമന്ത്രി പദവി പോലെ വലിയ കാര്യങ്ങൾ പറഞ്ഞ് കലഹിക്കാൻ മാത്രം ബുദ്ധിമോശം തരൂർ കാണിക്കുമോയെന്ന ചോദ്യം പാർട്ടിയിലും പുറത്തുമുണ്ട്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റവും കേന്ദ്രമന്ത്രി പദവിയും. അതേസമയം, തരൂർ ഇതുവരെ പാർട്ടി മാറ്റത്തിൻറെ സൂചന നൽകിയിട്ടില്ല.

ലോക്സഭാംഗവും പ്രവർത്തകസമിതി അംഗവും പാർലമെന്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് തരൂർ പ്രവർത്തിക്കുന്നത്. കേരളത്തിൽ കോൺഗ്രസിലെ സംസ്ഥാന നേതൃനിരയുടെ ഭാഗമായല്ല അദ്ദേഹം പ്രവർത്തിക്കുന്നത്. തലസ്ഥാനത്തോ കേരളത്തിലോ അദ്ദേഹം ഉണ്ടാകുന്ന ദിവസങ്ങൾതന്നെ കുറവാണ്. 
ബി.ജെ.പി പ്രതികരിച്ചിട്ടില്ലെങ്കിലും കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തരൂരിനെ ചാടിക്കാൻ ബിജെപി ശ്രമം നടത്തുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള മൃദുസമീപനത്തിലൂടെ പാർട്ടിമാറ്റ അഭ്യൂഹത്തിന് തരൂർ ഇടക്കിടെ അവസരം നൽകുന്നുമുണ്ട്. 

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതു മുതൽ ഹൈകമാൻഡിന്റെ കണ്ണിലെ കരടായ തരൂർ ഇനിയും പാർട്ടിയിൽ അതൃപ്തനായി തുടരില്ലെന്ന് ഉറപ്പാണ്. പ്രത്യേകിച്ച്, വിദേശകാര്യ മന്ത്രിയുടെ സിംഹാസനം ഒരുക്കി ബി.ജെ.പി കാത്തിരിക്കുന്ന അവസരത്തിൽ. 

അതാണ് തന്നെ കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മറ്റുവഴികളുണ്ടെന്ന തരൂരിന്റെ വെല്ലുവിളിക്ക് പിന്നിൽ. മറ്റൊരു പാർട്ടിയിൽ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും പുറത്തു പറയുന്നുണ്ടെങ്കിലും ഓവർ അംബീഷ്യസ് ആയ തരൂരിനെ സംബന്ധിച്ച് ഒരു മൂലയിൽ ഒതുങ്ങിക്കൂടുക അത്ര എളുപ്പമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *