കീവ്: റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
എല്ലാ യുക്രെയ്ന് തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രെയ്ൻ തയാറാണെന്നും സെലൻസ്കി പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലൻസ്കി.
“റഷ്യ യുക്രെയ്ൻകാരെ മോചിപ്പിക്കണം. എല്ലാവര്ക്കും വേണ്ടി എല്ലാവരേയും കൈമാറാന്‍ യുക്രെയ്ന് തയാറാണ്. ഒരു തുടക്കത്തിനുള്ള ശരിയായ മാര്‍ഗമാണിത്” – സെലൻസ്കി പറഞ്ഞു. ഈ വര്‍ഷം യുക്രെയ്നിന്റെ യഥാര്‍ഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഇന്നലെ യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ കീവില്‍ എത്തിയിരുന്നു. നേതാക്കളുമൊത്തു നടത്തിയ ചടങ്ങിൽ പ്രസംഗിക്കവേ തന്റെ രാജ്യത്തിന്റെ പ്രതിരോധത്തെയും ചെറുത്തുനില്‍പ്പിനെയും സെലന്‍സ്കി പ്രശംസിച്ചു.
യുക്രെയ്ന് എല്ലാ വിധ പിന്തുണയും സഹായവും തുടർന്നും ഉണ്ടാകുമെന്നു പ്രഖ്യാപിച്ച യൂറോപ്യൻ യൂണിയൻ നേതാക്കൾ അടിയന്തരമായി സാന്പത്തികസഹായവും കൂടുതൽ ആയുധങ്ങളും അയയ്ക്കാനും തീരുമാനിച്ചു.