കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തീവ്ര തെറിയഭിഷേക നാടകങ്ങള്‍ക്കൊടുവിലാണ് പിസി ജോര്‍ജ് എക്സ് എംഎല്‍എയുടെ ആദ്യ ജയില്‍വാസം അനിവാര്യമായിരിക്കുന്നത്.
നാലു പതിറ്റാണ്ടിലേറെയായി ജോര്‍ജ് സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഈ നിലവാരത്തിലേയ്ക്ക് തരം താണത് അവസാനത്തെ യുഡിഎഫ് ഭരണത്തിന്‍റെ കാലയളവോടെയാണ്.
സോളാര്‍ കേസിന്‍റെ ഘട്ടം മുതല്‍ അത് എല്ലാ പരിധികളും ലംഘിച്ച് അശ്ലീലവും അബദ്ധജഡിലവും ആഭാസവും ആയി മാറി. അതിപ്പോഴും തുടരുകയാണ്.
മുമ്പ് പല തവണ ജയിലിലേയ്ക്ക് പോകുന്ന ഘട്ടം വരെയെത്തിയിട്ടും ഒടുവില്‍ കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. പക്ഷേ ഇത്തവണ ജോര്‍ജ് കുടുങ്ങി. ഈരാറ്റുപേട്ട കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതോടെ ഇന്ന് ത്രിസന്ധ്യയോടെ ജോര്‍ജ് ജയിലിന്‍റെ പടികയറും.
പിന്നെ ജില്ലാ കോടതിയിലും അവിടെ രക്ഷയില്ലെങ്കില്‍ ഹൈക്കോടതിയിലും ജാമ്യം തേടണം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ തന്നെ നടത്തിയിരിക്കുന്നതോടെ ജില്ലാ കോടതിയില്‍ നിന്നും ജാമ്യത്തിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.
ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഒരു വിവാദ ന്യായാധിപനാണ് ജോര്‍ജിനുവേണ്ടി പിന്നാമ്പുറത്ത് കരുക്കള്‍ നീക്കുന്നത്.
കീഴടങ്ങള്‍ നാടകീയം
തിങ്കള്‍ രാവിലെ വീട്ടില്‍ നിന്നും ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ കോടതിയിലെത്തി കീഴടങ്ങാനായിരുന്നു ജോര്‍ജിന്‍റെ നീക്കമെങ്കിലും അത് കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലുണ്ടായതോടെ അതുപേക്ഷിച്ചു.
മാത്രമല്ല, പ്രവര്‍ത്തകരോട് ജോര്‍ജിന്‍റെ വീട്ടിലെത്താനായിരുന്നു ആഹ്വാനമെങ്കിലും എത്തിയത് നാമമാത്രം ചിലര്‍ മാത്രം.
ഒടുവില്‍, പോലീസ് സ്റ്റേഷന് പകരം കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസ് സ്റ്റേഷനിലായിരുന്നു ഹാജരാകുന്നതെങ്കില്‍ ഇന്ന് പകലെങ്കിലും സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന നിലയില്‍ രാഷ്ട്രീയമായി ഇതിനെ ഉപയോഗിക്കാന്‍ ജോര്‍ജിന് കഴിയുമായിരുന്നു.
പക്ഷേ ബിജെപിയുടെ ഭാഗത്തുനിന്നും ഇതിന് കാര്യമായ ഒരു പിന്തുണ കിട്ടിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പിസി ജോര്‍ജിന്‍റെ നിലപാടുകളില്‍ കടുത്ത എതിര്‍പ്പിലാണ്.
പകരം പാര്‍ട്ടി നേതാവെന്ന നിലയില്‍ ജില്ലാ പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെ ഏതാനും പേര്‍ മാത്രമാണ് ജോര്‍ജിനൊപ്പം ഹാജരായത്.
പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടിയിലെത്തിയതോടെ കോട്ടയത്ത് ഉള്‍പ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ആളുകള്‍ ബിജെപിയോട് അടുക്കാന്‍ മടിക്കുന്നു എന്നതാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ന്യൂനപക്ഷ സെല്ലിന്‍റെ കോ-ഓര്‍ഡിനേഷന്‍ ചുമതല ഷോണ്‍ ജോര്‍ജിന് നല്‍കിയെങ്കിലും മുന്‍കാലത്തെ അപേക്ഷിച്ച് മധ്യകേരളത്തില്‍ നിന്ന് പാര്‍ട്ടി പിന്നോക്കം പോയെന്ന വിലയിരുത്തലാണ് ന്യൂനപക്ഷ മോര്‍ച്ചയ്ക്കുള്ളത്.
ബിഷപ്പുമാരെ ജയിലിലെത്തിക്കാന്‍ നീക്കം !
റിമാന്‍ഡിലായി ജയിലിലായ പിസി ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാരെ ജയിലിലെത്തിക്കാനുള്ള നീക്കങ്ങള്‍ ജോര്‍ജിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ നീക്കം.
സ്ത്രീപീഡനകേസില്‍ അറസ്റ്റിലായി പാലാജയിലില്‍ കിടന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പകരം ഫ്രാങ്കോയെയും പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും സന്ദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.
എന്നാല്‍ ബിഷപ്പുമാര്‍ ഈ കെണിയില്‍ വീഴാനിടയില്ലെന്നാണ് സൂചന. വിദ്വേഷ പരാമര്‍ശങ്ങള്‍ പതിവാക്കി, ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും യോഗ്യതയില്ലെന്ന് കോടതി വിലയിരുത്തിയ ജോര്‍ജിനെ ബിഷപ്പുമാര്‍ സന്ദര്‍ശിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കും എന്നതുറപ്പാണ്.
അതിനാല്‍ ആ നീക്കവും വിജയിച്ചേക്കില്ല. മുമ്പ് കാഞ്ഞിരപ്പള്ളി, പാലാ മുന്‍ ബിഷപ്പുമാരെ വിമര്‍ശിച്ചാണ് ജോര്‍ജ് ഇത്തരം നിലപാടുകളിലേയ്ക്ക് മാറുന്നത് എന്നതും ശ്രദ്ധേയമാണ്.
അതിനിടെ വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതോടെ വിദഗ്ദ്ധ പരിശോധനയിക്കായി കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കും.
ഇതിനു ശേഷമായിരിക്കും ജയിലില്‍ തടവുകാരുടെ സെല്ലില്‍ പാര്‍പ്പിക്കണോ, അതോ വൈദ്യസഹായം ലഭ്യമാകുന്ന തരത്തിലുള്ള മറ്റേതെങ്കിലും ജയിലിലേയ്ക്ക് കൊണ്ടുപോകണമോ എന്ന് തീരുമാനിക്കുക.