പ്രോപ്പർട്ടി വെബ്‌സൈറ്റായ ഡാഫ്റ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, കോർക്കും ഗാൽവേയുമടക്കം അയർലണ്ടിലെ നഗരങ്ങളിൽ വാടക നിരക്കുകൾ വർദ്ധിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള വാടക കഴിഞ്ഞ വർഷം ശരാശരി 10% ഉയർന്നപ്പോൾ, ലിമറിക്ക് സിറ്റിയിൽ 19% വരെ വർദ്ധനയുണ്ടായി.
2024-ലെ നാലാം പാദത്തിലെ (Q4) റിപ്പോർട്ട് പ്രകാരം, രാജ്യത്തെ വാടക നിരക്കുകൾ തുടർച്ചയായി ഉയരുകയാണ്. പ്രത്യേകിച്ച് നഗരങ്ങളിൽ വാടക ഉയരുന്നതിന് പ്രധാന കാരണമായി പറയുന്നത് വാടകയ്‌ക്കുള്ള പ്രോപ്പര്‍ട്ടികളുടെ ലഭ്യത കുറവാണ്.
വാടക നിയന്ത്രണങ്ങളിൽ പുതിയ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലിമറിക്ക് നഗരത്തിൽ വാടക വിലയുടെ വർദ്ധനവ് ഏറ്റവും വേഗത്തിലാണ്. 2024-ൽ വാടക നിരക്ക് ശരാശരി 5.7% ഉയർന്നു, എന്നാൽ മുൻ വർഷത്തെ 6.8% എന്ന നിരക്കിനേക്കാൾ ഇത് കുറവാണ്.
2024-ലെ നാലാം പാദത്തിൽ വിപണിയിൽ വാടക നിരക്കുകള്‍ 2023മായി താരതമ്മ്യം ചെയ്യുമ്പോള്‍, ഡബ്ലിനിൽ ശരാശരി വാടക €2481 ആയി, ഇത് മുൻ വർഷത്തേക്കാൾ 4% ഉയർന്നതാണ്, കോർക്ക് നഗരത്തിൽ €2097 (10% വര്‍ധന), ഗാൽവേ നഗരത്തിൽ €2197 (9.9% വര്‍ധന), ലിമറിക്ക് നഗരത്തിൽ €2271 (19% വര്‍ധന), വാട്ടർഫോർഡ് നഗരത്തിൽ €1651 (7.4% വര്‍ധന), രാജ്യത്തെ ബാക്കി പ്രദേശങ്ങളിൽ €1582 (6.2% വര്‍ധന) എന്നിങ്ങനെയാണ്. 2024-ലെ അവസാന പാദത്തിൽ ദേശീയ തലത്തിൽ ശരാശരി വാടക €1,956 ആയിരുന്നു എന്ന് ഡാഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.