കുവൈത്ത്: കുവൈത്തിൽ സ്മാർട്ട് വാണിജ്യ ലൈസൻസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ ഇക്കാര്യം അറിയിച്ചു.
രാജ്യത്തിലെ വാണിജ്യ അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ രേഖയായിരിക്കും സ്മാർട്ട് ലൈസൻസ്.
വാണിജ്യ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം പുതിയ സംവിധാനം വഴി സാധ്യമാകും
ഇതിനൊപ്പം, ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാക്കുന്നതിനാൽ നേരത്തെ ഇതിനായി നിയോഗിക്കപ്പെട്ട ‘മന്ദൂപ്’മാരുടെ ആവശ്യം ഇല്ലാതാകും.
ലൈസൻസ് അപേക്ഷയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പുതിയ സംവിധാനം സഹായകരമാവുമെന്ന് മന്ത്രി വ്യക്തമാക്കി.
റെസ്റ്റോറന്റുകൾ, റീട്ടെയിൽ കടകൾ എന്നിവയ്ക്കായി ഇന്ന് മുതൽ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പുതിയ സ്മാർട്ട് ലൈസൻസ് പ്രിന്റ് ചെയ്യാൻ കഴിയും
ഇതിന് ശേഷം, നിലവിലെ പേപ്പർ ലൈസൻസുകൾക്ക് പകരം ക്യുആർ കോഡ് രൂപത്തിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജൂൺ 15 മുതൽ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ഈ സംവിധാനം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.