ഉടനടി 17 ലക്ഷം രൂപ ലോണ്‍, ആരും പിന്നാലെ പോകരുതേ…നടക്കുന്നത് വ്യാജ പ്രചാരണം- Fact Check

ദില്ലി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ 17 ലക്ഷം രൂപ ലോണ്‍ നല്‍കുന്നതായി സാമൂഹ്യ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം. ലോണ്‍ അനുവദിച്ച് കൊണ്ട് പ്രചരിക്കുന്ന കത്തില്‍ പലരും വഞ്ചിതരാവുന്ന സാഹചര്യത്തില്‍ ഈ പ്രചാരണത്തിന്‍റെ വസ്തുത വിശദമായി നോക്കാം.

പ്രചാരണം

ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പുറത്തിറക്കിയ അനുമതി കത്ത് എന്ന നിലയിലാണ് കത്ത് വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. ഈ കത്തില്‍ ഒരാളുടെ പേരും വിലാസവും കാണാം. പിഎംഇജിപി പദ്ധതിക്ക് കീഴില്‍ 17 ലക്ഷം രൂപ ലോണ്‍ അനുവദിച്ചതായും, ഇതനുസരിച്ച് 4 ശതമാനം പലിശയും 30 ശതമാനം സബ്‌സിഡിയും ലഭ്യമാണ് എന്നും നോട്ടീസില്‍ നല്‍കിയിരിക്കുന്നു. പണം ലഭിക്കാനായി ആകെ ലോണ്‍ തുകയുടെ 3 ശതമാനമായ 51,000 രൂപ തുടക്കത്തിലെ അടയ്ക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. ആളുകളെ കൊണ്ട് 51,000 രൂപ അടപ്പിക്കാനാണ് കത്ത് വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. 

വസ്തുത

17 ലക്ഷം രൂപ ലോണ്‍ അനുവദിച്ചു എന്ന തരത്തില്‍ ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്‍റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. ഈ കത്തില്‍ ആരും വഞ്ചിതരാവരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു. ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്‍റെ പേരില്‍ മുമ്പും തെറ്റായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു. 

Read more: തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് ? ഞെട്ടിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin