തിരുവനന്തപുരം: കേരളത്തിലെ 20000 ത്തോളം വരുന്ന കുടുംബിനികളായ ആശ വർക്കറുമാർ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമറിയിച്ച് തെരുവിലിറങ്ങിയ അനൂകൂല രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാവാതെ കോൺഗ്രസും യു.ഡി.എഫും. 
രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം പിന്തുണ പ്രഖ്യാപിച്ച സമരം സർക്കാരിനെയും എൽ.ഡി.എഫിനെയും അടിക്കാനുള്ള വടിയാകേണ്ട സമയത്ത് പാർട്ടിയിൽ നേതാക്കളുടെ വിഴുപ്പലക്കൽ നടക്കുകയാണ്.

പാർട്ടിയിൽ നേതൃ പ്രതിസന്ധിയുണ്ടെന്നും തന്നെ വേണ്ട രീതിയിൽ പാർട്ടി ഉപയോഗിക്കുന്നില്ലെന്നും കാട്ടി രംഗത്ത് വന്ന ശശി തരൂരിനെ ചുറ്റിപ്പറ്റി കോൺഗ്രസിൽ തുടരുന്ന അസ്വാരസ്യം രാഷ്ട്രീയമായി ദോഷം ചെയ്‌തേക്കും.

പ്രവർത്തകസമിതിയംഗമായ തരൂർ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നുവെന്നതാണ് നേതാക്കളുടെ പൊതുവികാരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അത്യദ്ധ്വാനം ചെയ്താണ് തരൂരിനെ വിജയിപ്പിച്ചത്. അദ്ദേഹത്തിന് ലഭിച്ചിരുന്ന ഇടത് വോട്ടുകൾ ബി.ജെ.പിക്ക് പോൾ ചെയ്യപ്പെട്ടതോടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിരുന്നു.
എക്കാലത്തും യു.ഡി.എഫിനെ സഹായിച്ചിട്ടുള്ള ലത്തീൻ സഭയെ വിഴിഞ്ഞം തുറമുഖത്തിനെതിരായുള്ള അവരുടെ സമരത്തിന്റെ പേരിൽ പിണക്കിയ തരൂരിനെ അവർ ഒരു കാരണവശാലും ഉൾക്കൊള്ളാൻ തയ്യാറായിരുന്നില്ല.

എന്നാൽ ഈ വിഷയങ്ങളെല്ലാം മുന്നിൽക്കണ്ട് പ്രതിപക്ഷനേതാവും പാർട്ടി നേതൃത്വവും നടത്തിയ ചില തിരഞ്ഞെടുപ്പ് മാനേജ്‌മെന്റാണ് തരൂരിന്റെ വിജയം ഉറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത്.

എന്നിട്ടും അദ്ദേഹം പാർട്ടിയെ കുറ്റപ്പെടുത്തി സംസാരിച്ചതിൽ തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കളും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തിയാണ് പങ്ക് വെയ്ക്കുന്നത്.
തിരഞ്ഞെടുപ്പ് വർഷത്തിൽ പാർട്ടിക്ക് പുതുജീവൻ നൽകേണ്ട പുന:സംഘടനാ പ്രക്രിയയും വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പലവിധ റിപ്പോർട്ടുകൾ ഹൈക്കമാന്റ് തേടുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായി ഒരു നടപടിയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടി ഭാഗമായ കേന്ദ്രനേതൃത്വത്തിൽ നിന്നും ഉണ്ടായിട്ടില്ല. 

കോൺഗ്രസിൽ തരൂരടക്കമുള്ള മുഖ്യമന്ത്രി മോഹികൾ ഉണ്ടെങ്കിലും പാർട്ടി സംഘടനാപരമായി ശുഷ്‌ക്കിച്ച അവസ്ഥയിലാണുള്ളത്. അതുകൊണ്ട് തന്നെ നിരവധി വിഷയങ്ങൾ സർക്കാരിനെതിരെ ഉയർന്നിട്ടും അത് മുതലാക്കാൻ സമരങ്ങളിലേക്ക് കടക്കാനും സമരസാഹചര്യം നിലനിർത്താനും കെ.പി.സി.സിക്കും കഴിയുന്നില്ല.

ഫലത്തിൽ സർക്കാരിനെതിരായ വിഷയങ്ങൾ തരൂർ വിവാദത്തിൽ പെട്ട് അലിഞ്ഞുപോയി എന്നതാണ് നിലവിലെ അവസ്ഥ.

By admin

Leave a Reply

Your email address will not be published. Required fields are marked *