ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹിതരുടെ മനോഭാവങ്ങൾ താമരപ്പൂവ് വിടരുന്നതുപോലെ വിടർന്നു് വന്നത് ഒരു മതത്തിൽ ജനിച്ചതുകൊണ്ട് ദുഃഖ ദുരിതംപേറി ജീവിക്കേണ്ടവ രാണോ നമ്മുടെ അമ്മമാർ, സഹോദരികൾ, ഭാര്യമാർ. ഒരു വിഭാഗം മത പുരോഹിതർ മതത്തെ കോരികുടിക്കുന്ന തിന്റെ ഹൃദയ വ്യഥകൾ ഇന്ന് ലോകമെങ്ങുമുള്ള മലയാളികളെ വല്ലാതെ മുറിവേൽപ്പിക്കുന്നുണ്ട്. 

ഈ വിഷയ ത്തിൽ മൗനികളായ സാഹിത്യ നായകന്മാരോടും, ഭരണ- പ്രതിപക്ഷത്തോടും പലരും ചോദിക്കുന്നത് ഇവർക്കെ തിരെ ശബ്ദിക്കാൻ, എഴുതാൻ നട്ടെല്ലുണ്ടോ? അതിനുള്ള ഉത്തരവും അവർ തന്നെ പറയുന്നു. എഴുത്തുകാർ അധികാരികളെ വെറുപ്പിച്ചാൽ പട്ടും പുടവയും കിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ മത പ്രീണനം നടത്തിയാണ് അധികാരത്തിലെത്തുന്നത്, വായ് തുറന്നാൽ വോട്ടു് കിട്ടില്ല. അവർക്ക് മതമാണ് വലുത് മനുഷ്യനല്ല. ഈ സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു?

 ലോകമെങ്ങും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ, പെൺകുട്ടികളെ ഞാൻ എത്രയോ കണ്ടിരിക്കുന്നു. ഇവരൊക്കെ ആറാം നൂറ്റാണ്ടിലാണോ ജീവിച്ചിരിക്കുന്നത്? ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ സാമൂഹ്യ സാംസ്‌കാരിക പരിവർത്തന സാക്ഷരതയിലൂടെ കടന്നുവന്ന ഒരു ജനതയുടെ ധൈഷണികമായ, സാംസ്‌കാരികമായ, മത രാഷ്ട്രീയമായ ബോധമണ്ഡലം എവിടെ നിൽക്കുന്നുവെന്ന് ഒരു ചോദ്യമുയരുന്നു. 

1920- ൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരു ദേവൻ, ഗീത പഠിപ്പിച്ച സൽകർമ്മങ്ങൾ, ശത്രുവിനെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്‌തു ഖുറാനിലെ ഖുല്ലും വാഹദ് (എല്ലാം ഒന്നുതന്നെ) ഇതെല്ലാം പഠിച്ച നാട്ടിൽ നിന്നെന്താണ് സ്ത്രീ വിരുദ്ധതയും, ജാതി ചിന്തകളും, സ്‌പർധകളുമുയരുന്നത്? ദാരിദ്രത്തിൽ കഴിഞ്ഞ മലയാളികൾ ഗൾഫിൽ പോകുകയും സമ്പത്തു് വർദ്ധിക്കയും ചെയ്‌തതാണോ ഇന്നത്തെ സ്വാർത്ഥത, അഹന്ത, അഹംങ്കാരം,വർഗ്ഗീയ ജാതി ചിന്തകൾക്ക് വളമായത്?

മതവിശ്വാസികളിൽ കുടികൊള്ളേണ്ടത് ആത്മാവിൻ്റെ പ്രവർത്തനങ്ങളാണ്. അതിലൂടെ ലഭിക്കുന്നത് സാംസ്ക്‌കാരികമായ പരിവർത്തനമാണ്. ഭാരതീയ സംസ്‌കാരത്തിൽ മതവിശ്വാസികൾ ഈശ്വരനെ മഹത്വപ്പെടുത്തുകയാണ് ചെയ്‌തിട്ടുള്ളത്. അതിലൂടെ മനുഷ്യരുടെ വീണ്ടെടുപ്പാണ് അവർ ലക്ഷ്യം വെച്ചത്.

 ഭാരതമടക്ക മുള്ള ലോകജനത അങ്ങനെയാണ് പുതുജീവനും ശക്തിയും പ്രാപിച്ചത്. അവിടെയാണ് കേരളത്തിലെ ഒരു വിഭാഗം മതപുരോഹിതർ കടയ്ക്കൽ കത്തിവെച്ചിരിക്കുന്നത്. ഇപ്പോൾ കണ്ടറിയാത്തവർ കൊണ്ടറിയും എന്ന നിലയിലെത്തിയിരിക്കുന്നു. എത്രയോ പാവം സ്ത്രീകൾ വീടുകൾക്കുള്ളിൽ നിശ്ശബ്ധനൊമ്പരങ്ങളുമായി തടവ റയിൽ കഴിയുന്നവരെപോലെ ജീവിക്കുന്നു. മതപുരോഹിതരുടെ ഈ പഴഞ്ചൻ ആശയത്തെ സ്ത്രീവിമോചന പോരാളികൾ കണ്ടില്ലേ ?

ഇന്ത്യയുടെ മുഖമുദ്ര ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. മതാചാരങ്ങൾ മതപുരോഹിതൻ വികല മായ സന്ദേശങ്ങളാക്കരുത്. കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്തു് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല. അത് പാശ്ചാത്യ രാജ്യങ്ങളിലെങ്ങും കാണാറുണ്ട്.

 അതിന്റെ പ്രധാന കാരണം മതമതിലുകൾ, മതവർഗ്ഗീയ രാഷ്ട്രീയം ഇവിടെ വിലപ്പോവില്ല. അതിൻ്റെ പ്രധാന കാരണം അവർ അഭ്യസ്‌തവിദ്യരാണ് മതചങ്ങലകൾ അവരെ വരിഞ്ഞുമുറുക്കുന്നില്ല മതപഠനവുമില്ല. അവർ വായനയി ലൂടെയാണ് വളരുന്നത്. സ്ത്രീകൾ മാനസികമായോ ശാരീരികമായോ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ല. ദാമ്പത്യ ജീവിതത്തിൽ ഭാര്യയോട് അമർഷത്തോടെ ഒരു വാക്ക് പറയാൻ പോലും ഭർത്താക്കന്മാർക്ക് ഭയമാണ്. കാരണം ഇരുമ്പഴിയെണ്ണുമെന്നറിയാം.

 കുട്ടികളെപ്പോലും ശകാരിക്കാൻ സാധിക്കില്ല. പരാതിയുണ്ടായാൽ കുഞ്ഞിനെ വളർത്തുന്നത് സർക്കാരാണ്. മതപുസ്‌തകങ്ങൾ മാത്രം വായിച്ചുവളരുന്നതുകൊണ്ടാണ് സ്ത്രീയെ ഒരു ഉപഭോ ഗവസ്തു‌വായി ഇതുപോലുള്ള പുരുഷന്മാർ കാണുന്നത്. 1926-ൽ മുസ്ലിം സ്ത്രീ ശാസ്ത്രീകരണത്തിന് വേണ്ടി ‘മഹിള’ എന്ന മാസികയും 1946-ൽ ‘ഭാരത ചന്ദ്രിക’ മാസികയുടെ സബ് എഡിറ്റർ വൈക്കം മുഹമ്മദ് ബഷീർ ആയിരിന്നു. ഇന്ന് സ്ത്രീ നവോദ്ധാനത്തിന് വേണ്ടി നിലകൊള്ളുന്ന എത്ര മാസികകളുണ്ട്?

ബ്രാഹ്മണാധ്യപത്യം നമ്മിൽ നിന്നകന്നിട്ടും, 1822 ചാന്നാർ ലഹളയെ അടിച്ചമർത്താൻ ശ്രമിച്ച മേൽജാ തിയും, തിരുവിതാംകൂർ രാജഭരണത്തെ പിന്തുണയ്ക്കാതെ അന്നത്തെ ക്രിസ്‌ത്യൻ മിഷനറിമാർ നൽകിയ പിന്തുണയോടെ ചാന്നാർ സ്ത്രീകൾ മുല മറയ്ക്കാൻ തുടങ്ങിയത്. 2025-ൽ എത്തിനിൽക്കുമ്പോൾ 1822-ലെ ബ്രാഹ്മണാധ്യപത്യത്തിൻ്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു.

ഇത്തരത്തിൽ സ്ത്രീകളെ ചങ്ങലക്കിടുന്ന, അടിമയാക്കുന്ന, അയിത്തജാതിയാക്കുന്ന നാട്ടിലാണ് നവോദ്ധാനം ഘോരഘോരം പ്രസംഗിക്കുന്നത് ഇങ്ങനെ യുള്ള മതപുതപ്പിൽ ജീവിക്കുന്ന വിദ്യാസമ്പന്നർപോലും ആരാധന അർപ്പിക്കുന്നത് ഈശ്വരനല്ല മതത്തിനാണ്. കാക്ക ഓട്ടക്കലത്തിൽ നോക്കുംപോലെ എല്ലാം കണ്ടു് കഴിയുന്ന കർമ്മധീരരുടെ നാട്.

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും കുട്ടികൾക്കൊപ്പം ആന്യനാട്ടിലേക്ക് സഞ്ചരിക്കരുതെന്നും നവോദ്ധാന നാട്ടിൽ നിന്ന് വിളംഭരം ചെയ്‌തപ്പോൾ കേരളത്തിലെ ഫെബിനിസ്റ്റുകൾ, എഴുത്തുകാരികൾക്ക് സ്ത്രീവിമോചനത്തെപ്പറ്റി ഒന്നും പറയാനില്ല. ഒരു ഭാഷയുടെ ആത്മാവറിയാത്ത എഴുത്തുകാരെപോലെ ആത്മാ വിന്റെ പ്രപഞ്ച തേജസ്സ് എന്തെന്നറിയാത്ത ഒരു ജനത്തെ കാട്ടിലൂടെ നയിക്കുന്ന എത് ഇടയനായാലും ആട്ടിൻപറ്റങ്ങൾ വഴിതെറ്റുകതന്നെ ചെയ്യും, ഇടയൻ ആട്ടിൻപറ്റങ്ങളെ നേർവഴിക്ക് നടത്തേണ്ടവരാണ്.
അതിന് പകരം പുരാതന ഗോത്രസംസ്‌കാരത്തിലുള്ള പരസ്‌പര പോരട്ടങ്ങളാണ് പഠിപ്പിക്കുന്നത്. ഏത് ജാതി മതമായാലും പുരുഷനുള്ള തുല്യത സ്ത്രീയ്ക്കും ലഭിക്കണം. അതിനെയാണ് സമത്വം എന്ന് പറയുന്നത്. അത് ലഭിക്കാതെവരുമ്പോൾ പെറ്റമ്മയെ സ്നേഹിക്കുന്നവർ ഈ ജാതികൃത തീണ്ടലിനെ എതിർക്കതന്നെ ചെയ്യും. മാതൃത്വമില്ലതെ പിതൃത്വമില്ല എന്നത് മതപുരോഹിതരിൽ നിന്ന് കേൾക്കേണ്ടയാവശ്യമില്ല.

ഈ ശാസ്ത്ര യുഗ ത്തിൽ സ്ത്രീകൾ അന്യ ഗ്രഹത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഭാഗം സ്ത്രീകളെ കാടൻ യുഗ ത്തിലേക്ക് തള്ളിവിടുന്നത് പിന്തിരിപ്പൻ പ്രവണതയാണ്. ആ വിഭാഗത്തിലുള്ള യൗവനക്കാരാണ് ഇതിനെ എതിർക്കേണ്ടത്. പല മതങ്ങളിലും അന്ധമായ വിശ്വാസങ്ങൾ, ആചാരങ്ങൾ കുത്തിനിറച്ചുവെച്ചിരിക്കുന്നു. മതപുരോഹിതരിൽ നിന്ന് ഇതുപോലുള്ള ഒറ്റമൂലികളും ലഭിക്കുന്നു.
ഇന്നുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള മത രാഷ്ട്രീയ സാംസ്‌കാരിക നായകന്മാർ ഇതിനോട് പ്രതികരി ച്ചിട്ടില്ല. തെറ്റ് കണ്ടാൽ തിരുത്തേണ്ടവരല്ലേ? ഇവരൊക്കെ മതരാഷ്ട്രിയ പരസ്യവലകളിൽ കുരുങ്ങിയവരാണ്.
മനംമയക്കുന്ന വാഗ്ദ‌ദാനങ്ങൾ നൽകി, ജാതിപേരും പറഞ്ഞു വോട്ടുപെട്ടി നിറച്ചു അധികാരത്തിലെത്തി സുഖ ലോലുപരായി ജീവിക്കാൻ ഭാഗ്യം ലഭിച്ചവർ. യോഗ്യരായവരാണ് നാട് ഭരിക്കേണ്ടത് അല്ലാതെ പൗരോഹിത്യത്തിന് വഴങ്ങി കൂട്ടുകച്ചവടം നടത്തുന്ന നാട്ടിൽ ഇതുപോലുള്ള പുരോഗതിയാണ് ലഭിക്കുക. കപട ആ ളവരാകട്ടെ ബോധപൂർവ്വം മത – ദൈവങ്ങളെ അണിനിരത്തി ഭയം, ഭീതി മനുഷ്യരിലുണ്ടാക്കുന്നു നിറവിലും പ്രാർത്ഥനയിലും ജീവിക്കുന്നവർക്ക് ദൈവത്തെയറിയാൻ ഒരു ഇടനിലക്കാരന്റെ ആ ഒരു പുരോഹിതൻ വേണമെങ്കിൽ എന്തുകൊണ്ടാണ് അവർ പഠിപ്പിച്ചുവിടുന്നവർ വഴിതെറ്റി നിരാലംബരായ സ്ത്രീകൾ എന്തുകൊണ്ട് നെടുവീർപ്പിടുന്നു? ഇതുപോലുള്ള പഴഞ്ചൻ നിലപാടുക മുന്നോട്ട് വരുന്നവരെ പൊളിച്ചടുക്കി കൊടുക്കാൻ മനോധൈര്യമുള്ള സ്ത്രീകൾ തന്നെയാണ് മുന്നോട്ട്
വരേണ്ടത്. ഇവർ തരുന്ന മലീമസമായ ആത്മാവിനേക്കാൾ വിലപ്പെട്ടത് ആത്മാഭിമാനമാണ്.
കേരളത്തിൽ വേണ്ടത് സ്ത്രീശക്തികരണമാണ് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകൾ, പെൺകുഞ്ഞുങ്ങൾ ധാരാളമായി പലവിധത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കാലിടറാതെ സ്വന്തം കാലിൽ ഉറച്ചു നിന്ന് മത പുരുഷ മേധാവിത്വത്തിനെതിരെ ധൈര്യമായി ഒറ്റകെട്ടായി പോരാടുകയാണ് വേണ്ടത് കീഴടങ്ങുകയല്ല. അത് ഭാവി തലമുറയിലെ പെൺകുട്ടികൾക്ക് തലയുയർത്തി നടക്കാനുള്ള ധൈര്യവും സുഗന്ധവും സൗന്ദര്യവുമാണ്.
കാരൂർ സോമൻ (ചാരുംമൂടൻ)

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed