ഇരുനൂറ് കോടി ആണെന്ന് ഒരു പത്രം എഴുതുമ്പോൾ 250 കോടിയെന്നു മറ്റു പത്രങ്ങൾ. കഴിഞ്ഞ ‘ദാസനും വിജയനും’ പങ്തിയില്‍ ഇരിങ്ങാലക്കുടക്കാരുടെ കുറി കമ്പനികൾ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നു എന്ന് എഴുതി ഒരാഴ്ച തികയുന്നതിനു മുൻപേ നടവരമ്പിലെ ബിബിൻ ബാബുവും ജൈന വിജയനും കൂടി ദുബായിലേക്ക് കടത്തിയത് നൂറിൽപരം കോടികൾ.
250 കോടി പിരിച്ചിട്ടുണ്ടെങ്കിൽ 100 കോടിയോളം അവർക്ക് തന്നെ ലാഭമായി ഏഴോ എട്ടോ മാസം കൊടുത്തുതീർത്തെങ്കിൽ പിന്നെ ബാക്കിയുള്ളതാണ് മുക്കിയിട്ടുള്ളത് . ഷെയർമാർക്കറ്റിൽ പണി പഠിപ്പിക്കാമെന്ന് കാണിച്ചുകൊണ്ട് ഒരു ട്രെയിനിങ് സെന്ററും തുടങ്ങിവെക്കുവാൻ മടിച്ചില്ല
ആ വാർത്തകളിലൂടെ പോകുമ്പോൾ പെട്ടെന്ന് കാണുന്നു, വൈപ്പിൻ പള്ളിപ്പുറം മാണി ബസാർ രണ്ടുതൈക്കൽ ആന്റണിയും ജോസഫും ജോൺസനും ജോബിയും ആതിര സ്വർണ്ണക്കട കാണിച്ചുകൊണ്ട് ആയിരത്തോളം പേരിൽ നിന്നും നിക്ഷേപം വാങ്ങി ഇപ്പോൾ സെൻട്രൽ പോലീസിന്റെ പിടിയിലായിരിക്കുന്നു.
അവരും ഏതാണ്ട് നൂറോളം കോടിയുടെ പഴയ സ്വർണ്ണം വാങ്ങിയെടുത്തു എന്നാണ് അറിയുവാൻ കഴിയുന്നത്. ലക്ഷദ്വീപിലെയും വൈപ്പിനിലെയും പറവൂരിലെയും കൊടുങ്ങല്ലൂരിലെയും, ചെറായിയിലെയും ആളുകളാണ് ആതിരയിൽ കുടുങ്ങിപ്പോയത്.
ഇസ്ലാമിന്റെ പേരിൽ, ദൈവത്തിന്റെ നൂറ്റൊന്നു നാമങ്ങളിൽ സ്വർണ്ണക്കടകൾ ആരംഭിച്ചുകൊണ്ട് ഹലാൽ കച്ചവടവുമായി ഇറങ്ങിത്തിരിച്ച ഒരു വിരുതൻ പത്രങ്ങളിൽ കൊടുത്തിരുന്ന പരസ്യം കണ്ടാൽതന്നെ അരിയാഹാരം കഴിക്കുന്ന ഏതൊരുത്തനും മനസിലാകുമായിരുന്നു ഏത് സമയവും മുങ്ങാൻ പോകുന്ന കപ്പലാണതെന്ന്.
മൂന്നുവയസ്സുകാരൻ വീട്ടിലെ ചുമരിൽ കുത്തിവരക്കുന്നതുപോലെ പത്തമ്പത് സ്വർണ്ണ കടകളുടെ പേരുകൾ സകലമാന പത്രങ്ങളുടെയും മുൻപേജുകളിൽ സ്ഥാനം പിടിച്ചപ്പോൾ ഇത്രേം പെട്ടെന്ന് ഒരു വൻ വീഴ്ച പ്രതീക്ഷിച്ചതല്ല
ഈ മഹാമനസ്കന്റെ പേര് എഴുതാത്തത് മുഖ്യധാരാ വാർത്താ മാധ്യമങ്ങളിൽ ആ പേര് വരാത്തതുകൊണ്ടല്ല, അതിനു വേറെ അവസരം ഉണ്ടാകും എന്നു കരുതിതന്നെയാണ്.
അതിനിടയിൽ അങ്ങേരു മുംബയിൽ നിന്നും താനെയിൽ നിന്നുമൊക്കെ വീഡിയോകൾ ഇടുന്നുണ്ടെങ്കിലും ഏതാണ്ട് കാര്യങ്ങൾ തീർപ്പായി എന്നാണ് ആദ്യഭാര്യയും മക്കളും അവകാശപ്പെടുന്നത്.
അതിന്നിടയിൽ കേട്ടത്, ഇങ്ങേരുടെ പിന്നിൽ ഇ ഡി ആണെന്നും നിരോധിത സംഘടനയിലെ ആളുകളുടെ കയ്യിലുള്ള പണവും പണസ്രോതസ്സും കണ്ടുപിടിക്കുവാൻ അവർ മനപ്പൂർവം ഇങ്ങേരെ വേഷം കെട്ടിച്ചു ഇറക്കി വിട്ടതാതാണെന്നാണ്. എന്തൊക്കെയായാലും പണം പോയവർക്ക് പോയി, കിട്ടേണ്ടവർക്ക് കിട്ടുകയും ചെയ്തു
പാതിവില തട്ടിപ്പിലാണ് കൂടുതൽ ട്വിസ്റ്റുകൾ നടന്നുകൊണ്ടിരിക്കുന്നത്. പാതി പൊട്ടനെന്നു തോന്നിപ്പിക്കുന്ന അനന്തു കൃഷ്ണന് ഒറ്റക്ക് ഇത്രേം വലിയ കളികൾ കളിക്കുവാനാകില്ല എന്ന നിഗമനത്താൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സായിഗ്രാമം തലവനും എൻജിഒ ഫെഡറേഷൻ ചെയർമാനുമായ കെഎൻ അനന്ദകുമാറിനെ പോലുള്ള രാഷ്ട്രീയ സാമൂഹിക വൻ പുലികൾ കൂടെയുണ്ട് എന്ന നിഗമനത്തിലാണ്.
ആയിരം കോടിയാണ് ഇവരെല്ലാം ചേർന്ന് സ്വരൂപിച്ചത് എന്നത് അറിഞ്ഞപ്പോൾ മുതൽ ഇപ്പോൾ കേരളത്തിലേക്ക് നിക്ഷേപം തേടി ഇറങ്ങിയിരിക്കുന്ന പഴയകാല സമരനായകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
ഒരു ഭരണം കയ്യിലുണ്ടായിട്ടും ഇവരുടെ അത്രേം സ്മാർട്ടാവാൻ ആകുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഭരണക്കാരുടെ മനോവിഷമം.
മലയാളികൾ പണം കയ്യിൽ വെച്ചുകൊണ്ട് ആരെങ്കിലും നിക്ഷേപം സ്വീകരിക്കുവാനുണ്ടോ, സ്വർണ്ണം സ്വീകരിക്കുവാനുണ്ടോ എന്ന് മുറവിളി കൂട്ടുമ്പോൾ, വഴിയിലൂടെ വന്നവനും പോയവനുമൊക്കെ പണം വീശി എറിയുമ്പോൾ ഇവിടെ ഇതിനൊക്കെ ഒരു നിയന്ത്രണം കൊണ്ടുവരുവാനാകുന്നില്ല എന്നത് വലിയൊരു അപകടമാണ് .
ആർത്തി മൂത്ത ജനങ്ങളും അതിലേറെ ലുബ്ധൻമാരുമാണ് ഇക്കൂട്ടരിൽ പെട്ട് പോകുന്നത് എന്നത് ഓർക്കുമ്പോൾ മാത്രമാണ് ആകെയുള്ള ഒരാശ്വാസം .
കേരളത്തിലെ ആഗോളനിക്ഷേപത്തോടനുബന്ധിച്ചു പാവം ശശി തരൂർ കേരളം കണ്ട ഏറ്റവും വലിയ ട്രോൾ ഇറക്കിവിട്ടിട്ടും അതൊന്നും മനസിലാക്കാതെ ഒരു വശത്ത് കോൺഗ്രസ്സുകാരും മറുവശത്ത് ബാലനും ഡിവൈഎഫ്ഐ ഒക്കെ മെഴുകുമ്പോൾ ശരിക്കും ശശി തരൂർ ഉള്ളിൽ ചിരിക്കുകയാണ് ചെയ്യുന്നത്
പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും കാര്യം മനസ്സിലായപ്പോൾ വിമർശനത്തിൽ നിന്നും പിന്മാറിയെങ്കിലും അതൊക്കെ രാഷ്ട്രീയമായി മുതലാക്കുകയാണ് ഡിവൈഎഫ്ഐ യും അവരുടെ ചാനലുകാരും.
തരൂരിന്റെ ഡീലുകളുടെ ഭാഗമായാണ് അങ്ങനെ ലേഖനം എഴുതിയതെന്നു തെറ്റിദ്ധരിച്ച നമ്മളും അങ്ങേരുടെ ഇംഗ്ലീഷ് ചാറ്റ് ജി.പി.റ്റി.യിൽ അടിച്ചുനോക്കിയപ്പോളാണ് കാര്യം പിടികിട്ടിയത് .
അവർക്ക് അങ്ങനെ തന്നെ വേണം !!!
ഇനിയും നിക്ഷേപകരും മണിച്ചെയിൻമാരും വന്നു പണം സ്വീകരിക്കണം എന്ന ആഗ്രഹത്തോടെ ദാസനും, എല്ലാം ഒരു ചങ്ങലയായി മാത്രം കണ്ടാൽ മതിയെന്ന് ഉപദേശിച്ചുകൊണ്ട് വിജയനും