കോട്ടയം: കോടതി ഹാളില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും കോടതി നടപടിക്രമങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട ഇടയാറന്മുള പാറയില്‍ പി.കെ. സുബിന്‍ (48), പത്തനംതിട്ട ഉദിമൂട് മണ്ടപത്തില്‍ എം.ബി. വിനോദ് (50) എന്നിവരെയാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സുബിന്‍ പ്രതിയായ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വാദം സിജെഎം കോടതിയില്‍ നടക്കുന്നതിനിടയില്‍ ഇയാള്‍ മദ്യപിച്ചെത്തി ബഹളം വയ്ക്കുകയും വിനോദ് കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് ഈസ്റ്റ് സ്റ്റേഷനില്‍നിന്നു പോലീസ് സംഘം സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സുബിന് ആറന്മുള സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.